ശബരിമല: പ്രതിഷേധം കനത്തു; രഹനയും കവിതയും മടങ്ങി
പമ്പ: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രഹന ഫാത്തിമയും കവിതയും മലകയറ്റം പൂര്‍ത്തിയാക്കാതെ മടങ്ങി. യുവതികള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ നട അടക്കുമെന്ന് തന്ത്രിയും പൂജ നിര്‍ത്തിവെച്ച് ശരണം വിളിച്ച് പ്രതിഷേധവുമായി പരികര്‍മികളും രംഗത്തെത്തിയതോടെയാണ് യുവതികളെ തിരിച്ചയച്ചത്. കനത്ത പൊലിസ് സുരക്ഷയിലാണ് മലയിറക്കം.
കനത്ത പൊലിസ് സുരക്ഷയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തലില്‍ യാത്ര നിര്‍ത്തി തിരിച്ചിറങ്ങുന്നു. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ യാത്ര താല്കാലികമായി അവസാനിപ്പിച്ചത്.
നൂറിലധികം പൊലിസുകാരുടെ വലയത്തില്‍ രാവിലെയാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടത്. പൊലിസ് ഉപയോഗിക്കുന്ന ഹെല്‍മറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നീലിമല വഴിയായിരുന്നു യാത്ര. പോകുന്ന വഴിയില്‍ ചെറിയ രീതിയിലുള്ള പ്രതിഷേധ നീക്കങ്ങള്‍ ഉണ്ടായെങ്കിലും അനുനയത്തിന്റെ ഭാഷയില്‍ പൊലിസ് ഇവരെ നീക്കം ചെയ്തിരുന്നു. എന്നാല്‍ നടപ്പന്തലിന് തൊട്ടുമുമ്പ് പ്രതിഷേധക്കാര്‍ പൊലിസ് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് ഐ.ജി ശ്രീജിത്ത് അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ബലപ്രയോഗം നടത്തില്ലെന്നും സംഘര്‍ഷം സൃഷ്ടിക്കില്ലെന്നും പറഞ്ഞ ഐ.ജി പിന്നീട് പിന്മാറാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അറിയിക്കുകയായിരുന്നു.
ഇന്നലെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."