ബഹ്‌റൈനില്‍ പ്രവാസി മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ദ്വൈമാസ തീവ്രവാദ വിരുദ്ധ സംയുക്ത കാംപയിന് ഉജ്ജ്വല തുടക്കം
മനാമ: ബഹ്‌റൈനിലെ പ്രവാസി മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തില്‍ തീവ്രവാദ വിരുദ്ധ ദ്വൈമാസ കാംപയിന് ഉജ്ജ്വല തുടക്കം.ബഹ്‌റൈനിലെ മതരാഷ്ട്രീയസാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് കാംപയിന്‍ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായിരുന്നു. മനാമ ഇന്ത്യന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണനാണ് നിര്‍വ്വഹിച്ചത്. ഹൈന്ദവ വിശ്വാസിയായ തനിക്ക് മുസ്‌ലിംകളുടെ സ്‌നേഹവും സൗഹൃദവും നിരന്തരം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് വിശദീകരിച്ച അദ്ദേഹം ഏകദൈവ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും വ്യാപകമായ തെറ്റിദ്ധരിക്കല്‍ മുസ്‌ലിംകളുടെ പേരില്‍ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവര്‍ മുസ്‌ലിമല്ല എന്നു പഠിപ്പിച്ച ഒരു ആദര്‍ശത്തിന്റെ വക്താക്കളാണു മുസ്‌ലിംകള്‍. അവര്‍ക്കൊരിക്കലും ലോകത്തിനു നാശം വിതയ്ക്കാനോ അരാജകത്വം സൃഷ്ടിക്കാനോ സാധ്യമല്ല. അയല്‍ക്കാരനേയും ഇതര മതസ്ഥരേയും സ്‌നേഹിക്കണം എന്നു പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളാണു മുസ്‌ലിംകള്‍. പ്രാര്‍ഥനാ വേളയില്‍ പള്ളിയില്‍ കാണുന്ന ശാന്തത ഒരിക്കലും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതല്ല. അവര്‍ക്കൊരിക്കലും ലോകത്തിനു നാശം വിതക്കാനോ അരാജകത്വം സൃഷ്ടിക്കാനോ സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുന്നവനു മാത്രമേ മുസ്‌ലിമായി മരിക്കാന്‍ കഴിയൂവെന്നു പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. ഇസ്‌ലാമില്‍ തീവ്രവാദിയില്ല എന്നു തെളിയിക്കേണ്ടതു മുസ്‌ലിമിന്റെ മാത്രം ബാധ്യതയല്ല. മറിച്ച് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ്. മതേതരത്വത്തിലും നാനാത്വത്തില്‍ ഏകത്വത്തിലും വിശ്വസിക്കുന്ന ഒരു ബഹുമത സമൂഹമാണ് ഇന്ത്യയിലുള്ളത്. മറ്റുള്ളവനെ സംശയദൃഷ്ട്യാ സമീപിക്കുന്നതു നമ്മുടെ മഹിതമായ പാരമ്പര്യങ്ങള്‍ക്കു നിരക്കാത്തതാണ്. പ്രവാചകന്റെയും കഴിഞ്ഞകാലത്തു ജീവിച്ച ഇസ്‌ലാമിക നേതാക്കളുടെയും ചരിത്രം വായിക്കുന്നവര്‍ക്ക് എവിടെയും തീവ്രവാദത്തിന്റെ പ്രചോദനങ്ങള്‍ കണ്ടെത്തുക സാധ്യമല്ല. അസത്യപ്രചരണങ്ങളാണു ചില പത്രങ്ങളും ചാനലുകളും നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂതന ടെക്‌നോളജികളെ അവഗണിച്ച് യമനിലേക്ക് ആട് മേക്കാന്‍ പോകേണ്ട അവസ്ഥ മുസ്‌ലിമിനില്ലെന്നും വിവര സാങ്കേതികവിദ്യകളെല്ലാം വിശുദ്ധ ഖുര്‍ആനില്‍ കാലേക്കൂട്ടി വ്യക്തമാക്കിയതാണെന്നും അവ പഠിക്കാനും പ്രചരിപ്പിക്കാനുമാണ് വിശ്വാസികള്‍ തയ്യാറാവേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അടക്കം വിവിധ സംഘടനാ പ്രതിനിധികള്‍ തീവ്രവാദത്തിനെതിരെ നിലപാടുകള്‍ വിശദീകരിച്ചു സംസാരിച്ചു.
എസ്.വി ജലീല്‍ (കെ.എം.സി.സി), അബ്ദുല്‍ ഗഫൂര്‍ പാടൂര്‍ (അല്‍ അന്‍സാര്‍ സെന്റര്‍), ജമാല്‍ നദ്‌വി ഇരിങ്ങല്‍ (ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍), ജൗഹര്‍ ഫാറൂഖി (ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), എ.പി.സി അബ്ദുല്ല മുസ്‌ലിയാര്‍ (ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി), നദീര്‍ ചാലില്‍ (ബഹ്‌റൈന്‍ ഇന്ത്യന്‍ സലഫി സെന്റര്‍) തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ക്കു പുറമെ പ്രിന്‍സ് നടരാജന്‍ (ചെയര്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍)
പി.വി.രാധാകൃഷ്ണ പിള്ള (പ്രസിഡന്റ്, ബഹറൈന്‍ കേരളീയ സമാജം), ആനന്ദ് ലോബോ (പ്രസിഡന്റ്, ഇന്ത്യന്‍ ക്ലബ്), ജോസ് കൈതാരത്ത് (പ്രസിഡന്റ്, കെ.സി.എ )എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. അതേ സമയം കാന്തപുരം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഐ.സി.എഫ് ബഹ്‌റൈന്‍ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. മുസ്‌ലിം സംഘടനകളുടെ ഈ കൂട്ടായ്മയില്‍ നിന്നും രൂപീകരണ ഘട്ടം മുതല്‍ ഇവര്‍ വിട്ടു നില്‍ക്കുകയാണ്.
ചടങ്ങില്‍ കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി.ജലീല്‍ സ്വാഗതവും നദീര്‍ ചാലില്‍ നന്ദിയും പറഞ്ഞു. ഹാരിസുദ്ദീന്‍ പറളി ഖുര്‍ആന്‍ പാരായണം നടത്തി. ഷംസുദ്ദീന്‍ വെള്ളികുളങ്ങര പരിപാടി നിയന്ത്രിച്ചു. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ കാംപയിനുടനീളം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."