യെച്ചൂരിക്ക് നേരെയുള്ള കയ്യേറ്റശ്രമം: പ്രമുഖര്‍ അപലപിച്ചു
തിരുവന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഡല്‍ഹിയില്‍ ഹിന്ദു സേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന കയ്യേറ്റശ്രമത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖര്‍ അപലപിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ ആക്രമണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ടിലാണ് പിണറായി പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇതിനെതിരേ ശക്തമായ പ്രതിഷേധം എല്ലാ രംഗത്തു നിന്നും ഉയര്‍ന്നു വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ് തീകൊള്ള കൊണ്ട് തല ചൊറിയുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.
ഭീരുക്കളാണ് ആക്രമണം നടത്തിയതെന്നും ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന അക്രമം കൈയും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എത്രമാത്രം ഭീരുക്കളാണ് സംഘ്പരിവാര്‍ എന്ന് തെളിയിക്കുന്നതാണ് ഇന്ന് നടന്ന അക്രമണമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തിരുവനന്തപുരത്ത് ആര്‍.എസ്.എസിന്റെ കൊടിമരം സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."