ദലം വാഹനാപകടം: ഉമ്മക്കും മക്കള്‍ക്കും ഒരേ ഖബറില്‍ അന്ത്യ നിദ്ര
റിയാദ്: കഴിഞ്ഞ വെള്ളിയാഴ്ച തായിഫിലെ ദലമില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉമ്മക്കും രണ്ട് മക്കള്‍ക്കും മക്കയില്‍ ഒരേ ഖബറില്‍ അന്ത്യ നിദ്ര. തൃശൂര്‍ കൊച്ചിക്കാരന്‍ മുഹമ്മദിന്റെ ഭാര്യ സബീന പാലക്കല്‍ (34) മക്കളായ അസ്‌റ ഫാത്വിമ (7), ഏഴു മാസം പ്രായമായ ദിയ ഫാത്വിമ എന്നിവര്‍ക്കിനി മക്കയിലെ മണ്ണില്‍ അന്ത്യ വിശ്രമം.
കഴിഞ്ഞ ദിവസം മസ്ജിദുല്‍ ഹറമില്‍ നടന്ന ജനാസ നിസ്‌കാര ശേഷമാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ മറവു ചെയതത്. മാതാവിന്റെയും കുട്ടികളുടെയും മയ്യിത്തുകള്‍ ഖബറിലേക്കിറക്കുമ്പോള്‍ വിതുമ്പാത്തവരായി ആരുമുണ്ടായിരുന്നില്ല.
തന്റെ പ്രിയതമയും കളിപ്പിച്ച് കൊതി തീരാത്ത പിഞ്ചുമക്കളും ഒരേ ഖബറില്‍ അന്ത്യ നിദ്രയില്‍ കഴിയുന്ന കാര്യം അറിയാതെ കുടുംബ നാഥന്‍ ഷഹീന്‍ ബാബു തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.
തായിഫില്‍ നിന്നും ഏകദേശം 255 കിലോമീറ്റര്‍ അകലെ റിയാദ് അതിവേഗ പാതയിലെ ദലമില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹീന്‍ (38) ഇപ്പോഴും അബോധാവസ്ഥയിലാണ്. പരുക്കേറ്റ കൊണ്ടോട്ടി സ്വദേശി ശംസുദ്ദീന്‍ നുസൈബ ദമ്പതികളുടെ മകന്‍ മുനവ്വര്‍ (14) ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."