ചാംപ്യന്മാരെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
ചെന്നൈ: ചെന്നൈയിന്‍ എഫ്.സി ഉയര്‍ത്തിയ വെല്ലുവിളി ആഫ്രിക്കന്‍ കരുത്തില്‍ അതിജീവിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചു.
അവസാന നിമിഷം വരെ ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഐ.എസ്.എല്‍ പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. ഹാട്രിക് ഗോളുകളുമായി തിളങ്ങിയ നൈജീരിയന്‍ താരം ബര്‍ത്തലോമി ഒഗ്ബച്ചെയാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ വിജയത്തിലെത്തിച്ചത്.
ഹാട്രിക് നേട്ടത്തിനൊപ്പം ഒരു പുതിയ റെക്കോര്‍ഡ് കൂടി ബര്‍ത്തലോമി ഒഗ്ബച്ചെ തന്റെ പേരില്‍ കുറിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നേടുന്നത്. പത്ത് മിനുട്ടിനുള്ളിലാണ് മൂന്ന് തവണ നോര്‍ത്ത് ഈസ്റ്റ് താരം ചെന്നൈയിന്‍ വല കുലുക്കിയത്. രണ്ടു ഗോളുകള്‍ക്കു പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് കളിയിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. റോളിന്‍ ബോര്‍ജെസിന്റെ സെല്‍ഫ് ഗോളില്‍ അഞ്ചാം മിനുട്ടില്‍ തന്നെ ചെന്നൈയിന്‍ എഫ്.സി മുന്നില്‍ കടന്നിരുന്നു.
15 ാം മിനുട്ടില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ തോയ് സിങ് ചെന്നൈയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പക്ഷേ 29ാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ക്ക് പറ്റിയ അബദ്ധം മുതലെടുത്ത ഒഗ്ബച്ചെ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഒരു ഗോള്‍ തിരിച്ചടിച്ചു. 32ാം മിനുട്ടില്‍ വീണ്ടും തോയ് സിങ് ഗോള്‍ നേടിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയിന്‍ മത്സരം വരുതിയിലാക്കുമെന്ന് കരുതിയിരുന്നു.
പക്ഷേ 37, 39 മിനുട്ടുകളില്‍ ഗോള്‍ നേടി ഒഗ്ബച്ചെ ചെന്നൈയിന്‍ എഫ്.സിയെ പ്രതിരോധത്തിലാക്കി. 3-3 എന്ന് സ്‌കോറിന് ആദ്യ പകുതിയില്‍ കളംവിട്ട ഇരു ടീമുകളും രണ്ടാം പകുതിയല്‍ കൗണ്ടര്‍ അറ്റാക്കിങിന് പകരം പ്രതിരോധ ഫുട്‌ബോളാണ് കാഴ്ചവച്ചത്. പക്ഷേ അഞ്ചാം മിനുട്ടില്‍ തന്റെ പിഴവില്‍ നിന്ന് വന്ന ഗോളിന് 54ാം മിനുട്ടില്‍ വിജയഗോള്‍ നേടി റോളിന്‍ ബോര്‍ജസ് മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."