സ്പിന്നിങ് മില്‍ എം.ഡിമാരുടെ ശമ്പളം പരിഷ്‌കരിക്കുന്നു
തൊടുപുഴ: വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ സ്പിന്നിങ് മില്ലുകളിലെ മാനേജിങ് ഡയറക്ടര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കുന്നു. ഉത്തരവ് പുറത്തിറക്കാനുള്ള അനുമതിക്കായി ഹാന്റ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റയില്‍സ് ഡയറക്ടര്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കി. അതേസമയം മില്ലുകള്‍ തുടര്‍ച്ചയായി നഷ്ടം വരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ട്രേഡ് യൂനിയനുകളുമായി ശമ്പള പരിഷ്‌കരണ ചര്‍ച്ച പോലും തുടങ്ങുന്നത് വ്യവസായ വകുപ്പ് തടഞ്ഞിരിക്കുകയാണ്.
തങ്ങളുടെ ശമ്പളം മാത്രം പരിഷ്‌കരിക്കാന്‍ മില്ലുകളുടെ ചെയര്‍മാന്‍മാരെ സ്വാധീനിച്ച് ഭരണസമിതി തീരുമാനം സഹിതം ഹാന്റ്‌ലൂം ഡയറക്ടര്‍, വ്യവസായ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് സ്പിന്നിങ് മില്‍ എം.ഡിമാര്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ പരിഗണിച്ച ഹാന്റ്‌ലൂം ഡയറക്ടര്‍, വലിയ വര്‍ധനവും മറ്റാനുകൂല്യങ്ങളും ഉള്‍കൊള്ളുന്ന കരട് തയാറാക്കി ഉത്തരവ് പുറത്തിറക്കുവാന്‍ അനുമതി തേടി വ്യവസായ വകുപ്പിന് ബുധനാഴ്ച കത്ത് നല്‍കി.
സഹകരണ മേഖലയില്‍ എട്ട് സ്പിന്നിങ് മില്ലുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 3,000 ത്തോളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പള പരിഷ്‌കരണ കാലാവധി 2016 ല്‍ അവസാനിച്ചതാണ്. ശമ്പള പരിഷ്‌കരണം തടഞ്ഞ് 2017 ഓഗസ്റ്റിലാണ് വ്യവസായ വകുപ്പ് ഉത്തരവിട്ടത്.
അതിനിടെ ആവശ്യമായ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് നിലവില്‍ എം.ഡിമാരെ നിയമിച്ചിരിക്കുന്നതെന്ന് അരോപണമുണ്ട്. ഇത്തരം നിയമനങ്ങള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. നിലവില്‍ നാല് സ്പിന്നിങ് മില്ലുകളുടെ എം.ഡി സ്ഥാനത്ത് ഉള്ളവരുടെ യോഗ്യത പത്താതരവും ഡിപ്ലോമയുമാണ്. രണ്ടിടത്ത് എം.ഡി സ്ഥാനത്ത് തുടരുന്നത് സര്‍വിസില്‍ നിന്നും വിരമിച്ചവരാണ്. ഹൈക്കോടതി നിര്‍ദേശത്തെതുടര്‍ന്ന് ജീവനക്കാരുടെ ഏകീകൃത വേതനഘടന, ഫീഡര്‍ കാറ്റഗറി റൂള്‍ എന്നിവ നടപ്പാക്കാന്‍ 2016 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതും മില്ലുകളുടെ നഷ്ടകാരണം പറഞ്ഞ് സര്‍ക്കാര്‍ നടപ്പാക്കിയില്ല. എന്നാല്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ 2018 മെയ് 25 നു സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. ഇതിനിടയിലാണ് എം.ഡിമാരുടെ ശമ്പളം മാത്രം പരിഷ്‌കരിക്കുവാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനെതിരേയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി യൂനിയനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."