പനി പടരുന്നു; ഈരാറ്റുപേട്ടയില്‍ അധികൃതര്‍ക്ക് മൗനം
ഈരാറ്റുപേട്ട: പനി പടരുമ്പോഴും കൊതുകു വര്‍ധിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങളോ കൊതുകു നശീകരണമോ ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.
മാലിന്യം അടിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്ന ഓടകള്‍ കൂടിയാകുമ്പോള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രത്തിനു സമാനമാവുകയാണ് നഗരം. ദിവസവും വൈകിട്ട് അഞ്ചരയോടെ ആരംഭിക്കുന്ന കൊതുകുശല്യം അടുത്തദിവസം രാവിലെവരെ നീണ്ടുനില്‍ക്കും. ജലസാന്ദ്രത കൂടുതലുള്ള ചിലയിടങ്ങളില്‍ പകലും കൊതുകുശല്യം രൂക്ഷമാണ്.കൊതുകു കടിച്ചാല്‍ ഒരു മിനിറ്റോളം വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നെന്നും ചെറിയ ഇനത്തില്‍ വെള്ള പുള്ളികളോടുകൂടിയ ഈഡിസ് കൊതുകുകള്‍ വ്യാപകമാണെന്നും നാട്ടുകാര്‍ പറയുന്നു. പരാതി വ്യാപകമായിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊതുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എന്ന വിശദീകരണം നല്‍കി ഒഴിയുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഇടയ്ക്കിടെയുള്ള മഴയും മഞ്ഞും മൂലം ഈര്‍പ്പം നിലനില്‍ക്കുന്നതാണു കൊതുകുശല്യത്തിനു കാരണമെന്നും ചൂടു കൂടുമ്പോള്‍ കൊതുകു മാറുമെന്നുമാണ് ഇവരുടെ വിശദീകരണം. എന്നാല്‍ കൊതുകുശല്യത്തെ നാട്ടുകാര്‍ ഭീതിയോടെയാണു കാണുന്നത്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം വീടുകള്‍ക്കൊപ്പം ആശുപത്രികളിലും കൊതുകിന്റെ ആക്രമണം വര്‍ധിപ്പിക്കുന്നുണ്ട്.
ഫോഗിങ്, സ്‌പ്രേയിങ്, വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ചില വാര്‍ഡുകളില്‍നടന്നിട്ടുണ്ട്.. എന്നാല്‍ മുനിസിപ്പാലിററിയിലെ 13,14 വാര്‍ഡുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ആളുകള്‍ തൃപ്തരല്ല. സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും ഫണ്ടുകള്‍ മതിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും ആരോപണമുണ്ട്.സെപ്റ്റിക് ടാങ്ക്, പോള, ഓടകള്‍, അഴുക്കുചാലുകള്‍, മറ്റു ജലാശയങ്ങള്‍ തുടങ്ങിയവയാണ് കൊതുകിന്റെ ഉറവിടങ്ങള്‍. കൊതുകുതിരികള്‍ കത്തിച്ചും ബാറ്റ്, വല എന്നിവ ഉപയോഗിച്ചുമൊക്കെ കൊതുകിനെ പ്രതിരോധിക്കുകയാണു നാട്ടുകാര്‍.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കൊതുകു ശേഖരണം നടത്തി അവ ഏത് ഇനമാണെന്നു മനസ്സിലാക്കണമെന്നും ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കൊതുകു നശീകരണവും നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം . മുനിസിപ്പാലിററിയില്‍ പല പ്രദേശത്തും പുതുതായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ കൊതുകു നശീകരണത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."