വ്യാപാരിയെ അക്രമിച്ച സംഭവം: പ്രതി പിടിയില്‍
കൈപമംഗലം: ചാമക്കാലയില്‍ വ്യാപാരിയേയും ജീവനക്കാരിയേയും മര്‍ദിച്ച കേസില്‍ ചക്കനാത്ത് സുരേഷ് മകന്‍ ജിഷ്ണുവിനെ എസ്.ഐ കെ.ജെ ജിക്‌നേഷ് അറസ്റ്റു ചെയ്തു.
കൊലപാതക ശ്രമക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചാമക്കാലയില്‍ പലചരക്ക് കട നടത്തുന്ന കണക്കാട്ട് കൃഷ്ണനേയും കടയിലെ ജീവനക്കാരിയേയും ജിഷ്ണുവും സംഘവും മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു.
കൂട്ടുകൂടി മദ്യപിച്ചിരുന്നു കടയില്‍ വരുന്നവരെ മടക്കി അയക്കുന്നതു ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ഇവര്‍ സംഘമായെത്തി കൃഷ്ണന്റെ കടയിലേക്കു ഇരച്ചു കയറി ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു വീഴ്ത്തുകയും താഴെ വീണ ഇയാളെ ഇരുമ്പു കസേര കൊണ്ടു അടിക്കുകയായിരുന്നു.
സംഭവം കണ്ടു ഭയന്നു വീട്ടിലേക്കോടിയ ജീവനക്കാരിയെ പിന്‍തുടര്‍ന്നെത്തി വീട്ടില്‍ കയറി മര്‍ദിച്ചു. തടയാനെത്തിയ ഭര്‍ത്താവിനും അടിയേറ്റു. ഇവര്‍ ഇരിങ്ങാലക്കുട ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞു പൊലിസെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. ആറു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇന്നലെ പ്രതികളുടെ ഒളിത്താവളമറിഞ്ഞെത്തിയ എസ്.ഐയേയും സംഘത്തേയും കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
മതിലകം ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ ഇയാള്‍ കൊലപാതക ശ്രമക്കേസുകളില്‍ പ്രതിയാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു എസ്.ഐ പറഞ്ഞു. എസ്.ഐ അബ്ദുല്‍ ലത്തീഫ്, സീനിയര്‍ സി.പി.ഒ മാരായ സജിപാല്‍, സി.കെ ഷാജു, സി.എസ് പ്രബിന്‍, എം.ആര്‍ വിപിന്‍ദാസ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."