യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം; ഭാര്യാ കാമുകനും സുഹൃത്തും പിടിയില്‍
കരുനാഗപ്പള്ളി: ഓച്ചിറയില്‍ മര്‍ദനമേറ്റ് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാ കാമുകനെയും സുഹൃത്തിനെയും ഓച്ചിറ പൊലിസ് കസ്റ്റഡിയിലെടുത്തു.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്ലാപ്പന വരവിള സുനീഷ് ഭവനില്‍ സുനീഷ് (32), കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യാകാമുകന്‍ ആലുംപീടിക കരൂര്‍ പടീറ്റതില്‍ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ നാലിന് രാത്രി 12.30 ഓടെ പ്രയാര്‍ പെട്രോള്‍ പമ്പിന് സമീപം വഴിയോരത്തായിരുന്നു കല്ലേശേരില്‍ ക്ഷേത്രത്തിന് സമീപം പുത്തന്‍ തറയില്‍ രാജേഷിനെ (31) അബോധാവസ്ഥയില്‍ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പൊലിസെത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പുറമേ പരിക്കുകള്‍ ഇല്ലായിരുന്നെങ്കിലും വാരിയെല്ലുകളും ഇടുപ്പെല്ലുകളും തകര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. രാജേഷിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ ബുധനാഴ്ച ഓച്ചിറ പൊലിസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. അന്വേഷണം നീതിപൂര്‍വമല്ലെന്നും കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് കമ്മിഷണര്‍ കേസ് അന്വേഷിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."