ബണ്ട് റോഡ് ബലപ്പെടുത്താന്‍ തുക കണ്ടെത്തിയില്ല; പദ്ധതികള്‍ പാതിവഴിയില്‍
എടപ്പാള്‍: ബണ്ട് റോഡ് ബലപ്പെടുത്താന്‍ തുക കണ്ടെത്താത്തതിനാല്‍ പദ്ധതികള്‍ പാതിവഴിയില്‍. കോലൊളമ്പ് അമയംകുന്നിലെ 68 ഏക്കറില്‍ വിഭാവനം ചെയ്ത വിവിധ പദ്ധതികളാണ് 240 മീറ്റര്‍ വരുന്ന ബണ്ട് റോഡ് ബലപ്പെടുത്താന്‍ തുക കണ്ടെത്താത്തതിനാല്‍ പാതിവഴിയില്‍ നില്‍ക്കുന്നത്. എടപ്പാള്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അമയംകുന്ന് സ്ഥിതി ചെയ്യുന്നത്.
ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗമാണ് ഈ ബണ്ട് റോഡ്. വശങ്ങള്‍ ഇടിഞ്ഞുതകര്‍ന്നു തുടങ്ങിയ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ ഇനിയും തുക വകയിരുത്തിയിട്ടില്ല. ഇവിടെ അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തറക്കല്ലിടല്‍ നടത്തിയിരുന്നു. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. നിലവില്‍ പൊന്നാനി താലൂക്കിലെ കോള്‍ മേഖലയിലെ കര്‍ഷകര്‍ക്കു പ്രയോജനപ്പെടുംവിധം അരിമില്‍ തുടങ്ങാനുള്ള പദ്ധതിയുമായി പഞ്ചായത്ത് രംഗത്തുണ്ട്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ബണ്ട് റോഡ് ബലപ്പെടുത്തിയാല്‍ മാത്രമേ പദ്ധതി ആരംഭിക്കാനാകു.
റോഡിനായി വന്‍തുക ചെലവഴിക്കേണ്ടിവരും. ഈ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് അധികൃതരുടെ ആശങ്ക. മഴക്കാലത്ത് വെള്ളക്കെട്ട് ഉയരുന്നതോടെ ബണ്ട് തകരുന്ന അവസ്ഥയുണ്ട്. ബണ്ട് ബലപ്പെടുത്തുന്നതോടെ കാര്‍ഷികമേഖലയ്ക്കും ഗുണകരമാകും. ഇക്കാര്യം മന്ത്രി കെ.ടി ജലീലിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും തുക കണ്ടെത്തിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."