ആംബുലന്‍സിന് അമിത വാടക; ഡ്രൈവറെ പിരിച്ച് വിടാന്‍ എച്ച്.എം.സി തീരുമാനം
മാനന്തവാടി: ആംബുലന്‍സിന് അമിതവാടക ഈടാക്കിയെന്ന പരാതിയില്‍ ഡ്രൈവറെ പിരിച്ച് വിടാന്‍ തീരുമാനം. ഇന്നലെ ജില്ലയില്‍ ചേര്‍ന്ന എച്ച്.എം.സി യോഗത്തിലാണ് ഇത് സംബന്ധിച്ച് ജില്ലാശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയത്. തൊണ്ടര്‍നാട് സ്വദേശി കല്ലാറും കൊട്ടപറമ്പില്‍ പ്രതാപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരേ നടപടിക്ക് തീരുമാനിച്ചത്.
മെയ് 13ന് പ്രതാപിന്റെ മാതാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.
യാത്രാമധ്യേ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സാ ചെലവ് താങ്ങാനാകാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുകയായിരുന്നു. വാടക ഇനത്തില്‍ ഡ്രൈവര്‍ ആവശ്യപ്പെട്ട 3000 രൂപ നല്‍കുകയും ചെയ്തു. രസീതിനായി സുപ്രണ്ട് ഓഫിസില്‍ എത്തിയപ്പോള്‍ ആദ്യ ദിവസം രസീത് നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് ഓഫിസുമായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ 2520 രൂപയുടെ രസീതിന്റെ ഫോട്ടോ സ്റ്റാറ്റ്‌കോപ്പിയാണ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പ്രതാപ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പരാതി സംബന്ധിച്ച് സൂപ്രണ്ട് ഡോ: ജീവന്‍ ലാലില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയതില്‍ ഡ്രൈവര്‍ക്ക് തെറ്റ് സംഭവിച്ചതായി ബോധ്യപ്പെട്ടതായും കൂടുതലായി വാങ്ങിയ വാടക തിരിച്ച് അടക്കാമെന്ന് ഡ്രൈവര്‍ അറിയിച്ചതായി സൂപ്രണ്ട് മറുപടി നല്‍കിയെങ്കിലും ഇയാളെ പിരിച്ച് വിടാന്‍ എച്ച്.എം.സി നിര്‍ദേശം നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.
അമിതവാടക ഈടാക്കിയെന്ന പരാതിയില്‍ ഒരു വര്‍ഷം മുന്‍പും താല്‍ക്കാലിക ഡ്രൈവറെ പിരിച്ച് വിട്ടിരുന്നു.ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അംഗങ്ങളായ എ ദേവകി, എ പ്രഭാകരന്‍, എ.എന്‍ പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി രാജപ്പന്‍, ജില്ലാ ആശുപത്രി സെക്രട്ടറി നകുലന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജീവന്‍ ലാല്‍, കെ.എം വര്‍ക്കി, എം.ജി ബിജു, എം.പി അനില്‍, പി.വി പത്മനാഭന്‍, പി.എം ബെന്നി, പി.എം ഷബീറലി, എം.സി സെബാസ്റ്റ്യന്‍, പി.വി.എസ് മൂസ, കൈപ്പാണി ഇബ്രാഹിം, എം.പി ശശികുമാര്‍ എച്ച്.എം.സി യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."