പ്രകൃതി സൗഹൃദ വീടുകളുമായി തണല്‍ വടകര
വടകര: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രകൃതി സൗഹൃദ വീടുകള്‍ക്കായി തണല്‍ വടകരയുടെ ഇടപെടല്‍. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ വെറും 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രകൃതി സൗഹൃദ വീടുകളാണ് നിംഫ്ര വടകരയുമായി സഹകരിച്ച് തണല്‍ നിര്‍മിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതിക്ക് ഇണങ്ങുന്ന വീട് നിര്‍മാണത്തെ കുറിച്ച് തണല്‍ ആലോചിക്കുന്നത്. ഭൂപ്രകൃതിക്ക് അനുകൂലമായും അപകടഭീഷണി കുറഞ്ഞതുമായ ഇത്തരം വീടുകള്‍ക്ക് നാലു ലക്ഷം രൂപയാണ് ചെലവ്. വെള്ളം കയറിയാലും പരുക്കേല്‍ക്കാത്ത ഭിത്തികളും മേല്‍ക്കൂരയും തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയുള്ള നിര്‍മാണ രീതിയും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടു കിടപ്പുമുറികളുള്ള ഇത്തരം 300 വീടുകള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുതെന്ന് തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രീസ് പറഞ്ഞു
അടക്കാതെരുവിലെ നിംഫ്ര ആര്‍ക്കിടെക്ട്‌സ് ആണ് വീടുകളുടെ രൂപകല്‍പനയും നിര്‍മാണവും ഏറ്റെടുത്തിരിക്കുന്നത്. ആധുനിക നിര്‍മാണ രീതിയുടെ സഹായത്താല്‍ വികസിപ്പിച്ച വസ്തുക്കളായ വി പാനല്‍, വി ബോര്‍ഡ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ചതാണിവ. ഭൂചലനമുണ്ടായാല്‍ ഇടിഞ്ഞു വീഴില്ല. കാലമേറെ കഴിഞ്ഞാലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റാന്‍ കഴിയുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.പ്രകൃതി സൗഹൃദ മാതൃകാ വീടിന്റെ സമര്‍പണം വടകരയില്‍ സി.കെ നാണു എം.എല്‍.എ നിര്‍വഹിച്ചു. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന ഇത്തരം വീടുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സി .കെ നാണു അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അധ്യക്ഷനായി. ചടങ്ങില്‍ തണല്‍ സെക്രട്ടറി ടി.ഐ നാസര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."