അപകടമൊഴിയാതെ പന്നിക്കോട്; വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അരീക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന വാഗണ്‍ ആര്‍ കാറും തൃക്കളയൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന മാരുതി അള്‍ട്ടോ കാറും തമ്മിലാണ് രാവിലെ 11 മണിയോടെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഗണ്‍ ആര്‍ കാര്‍ തലകീഴായി മറിഞ്ഞു.
കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. കാര്‍ മറ്റൊരു ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. പരുക്കേറ്റവര്‍ മുക്കത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടേയും പരുക്ക് ഗുരുതരമല്ല. മുക്കം പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നങ്കിലും നാട്ടുകാര്‍ തന്നെ കാറുകള്‍ തള്ളിമാറ്റി ഗതാഗത തടസമൊഴിവാക്കുകയായിരുന്നു.
രണ്ട് പ്രധാന റോഡുകളുടെ സംഗമസ്ഥാനത്തെ പ്രധാന അങ്ങാടിയായതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് പലരും രക്ഷപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."