എന്‍.ഡി.ടി.വിക്ക് നേരെ വീണ്ടും പ്രതികാരം
ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിലോമവും ഫാസിസ്റ്റ് നയത്തിലൂന്നിയുള്ളതുമായ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുകയും സ്വതന്ത്രവും നിര്‍ഭയവുമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എന്‍.ഡി.ടി.വിക്കു നേരെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും പ്രതികാര നടപടികള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. സംഘ്പരിവാറിന് ഹിതകരമല്ലാത്ത വാര്‍ത്താമാധ്യമങ്ങളെ നിശബ്ദരാക്കാനും ഇല്ലാതാക്കാനുമായി മാധ്യമ മേധാവികളെ കള്ളക്കേസുകളില്‍ കുടുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം അര്‍ധരാത്രി രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താചാനലായ എന്‍.ഡി.ടി.വി ചാനല്‍ മേധാവി പ്രണോയ് റോയിയുടെ വസതിയിലും ഓഫിസിലും ചട്ടവിരുദ്ധമായി സി.ബി.ഐ റെയ്ഡ് നടത്തിയിരിക്കുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് 48 കോടി രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ല എന്നാരോപിച്ചാണ് പ്രണോയ് റോയ്, ഭാര്യ രാധിക, ആര്‍.ആര്‍.പി.ആര്‍ സ്വകാര്യ കമ്പനിക്കുമെതിരേ സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. കണ്ണൂരിലെ പരസ്യ കശാപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ചാനലിന് പ്രത്യേക അജണ്ടയുണ്ടെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി വക്താവ് സംപീത് പാത്ര ആക്ഷേപിച്ചതിനെ തുടര്‍ന്ന് വാര്‍ത്താ അവതാരക നിഥിന്‍ രാസ്ദാന്‍ ചര്‍ച്ചയില്‍ നിന്നു സംപീത് പാത്രയോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതാണ് ബി.ജെ.പി സര്‍ക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ പ്രണോയ് റോയ്‌യുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് പ്രഹസനം നടത്തുകയും ചെയ്തു. എന്‍.ഡി.ടി.വിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ സഞ്ജയ് ദത്ത് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യാതൊരു അന്വേഷണവും നടത്താതെ സി.ബി.ഐ റെയ്ഡ് നടത്തിയത്. ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നു സ്വകാര്യ കമ്പനിയുടെ പേരില്‍ എടുത്ത 48 കോടി രൂപ ചാനല്‍ തിരിച്ചടച്ചിട്ടുണ്ട്. എന്‍.ഡി.ടി.വിക്കെതിരേ കിട്ടിയ പരാതിയില്‍ പ്രാഥമിക നടപടി സ്വീകരിക്കുകയായിരുന്നു സി.ബി.ഐ ചെയ്യേണ്ടിയിരുന്നത്. അതുണ്ടായില്ല. പരാതി കിട്ടിയ ഉടനെ തന്നെ റെയ്ഡ് നടത്തുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. സി.ബി.ഐ ബി.ജെ.പി സര്‍ക്കാരിന്റെ ചട്ടുകമായി മാറുകയാണ്. 2008 മുതല്‍ എന്‍.ഡി.ടി.വിക്കെതിരേ ബി.ജെ.പി കൃത്രിമ കേസുകള്‍ ചമച്ചു തുടങ്ങിയിരുന്നു. അതിനെല്ലാം കോടതിയില്‍നിന്നു തിരിച്ചടി കിട്ടിയിട്ടുമുണ്ട്. തെളിവ് ശേഖരിക്കാനുണ്ടെന്ന് പറഞ്ഞ് 20 തവണയാണ് ആദായനികുതി വകുപ്പ് മുമ്പ് കേസ് മാറ്റിവയ്ക്കാന്‍ പറഞ്ഞത്. എന്നാല്‍, പ്രണോയ് റോയ് കേസ് മാറ്റിവയ്ക്കാന്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിരുന്നില്ല. വിദേശത്ത് നിന്നു പണം സ്വീകരിച്ച് അതില്‍ വലിയൊരു തുക കമ്പനി രൂപീകരിക്കാനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിച്ചു എന്നതായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം. എന്നാല്‍, വിദേശവിനിമയ ചട്ടം എന്‍.ഡി.ടി.വി ലംഘിച്ചുവെന്നത് തെളിയിക്കാന്‍ ആദായനികുതി വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ കേസ് ഇഴഞ്ഞുനീങ്ങുന്നതിനിടയിലാണ് കഴിഞ്ഞദിവസത്തെ റെയ്ഡ്. 48 കോടി തിരിച്ചടവ് സംബന്ധിച്ച് ഐ.സി.ഐ.സി.ഐ ബാങ്കും എന്‍.ഡി.ടി.വിയും ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തി ആ പണം തിരിച്ചടച്ചതാണ്. അവര്‍ക്കില്ലാത്ത പരാതിയും വേവലാതിയും സി.ബി.ഐക്ക് എന്തിനാണ്?
ബാങ്കുകളില്‍ നിന്നു പണം കൈപ്പറ്റി തിരിച്ചടക്കാത്തവരെ പിടികൂടുകയാണ് സി.ബി.ഐയുടെ ഇപ്പോഴത്തെ ജോലിയെങ്കില്‍ 72,000 കോടി വിവിധ ബാങ്കുകളില്‍നിന്നു കടമെടുത്ത് തിരിച്ചടക്കാത്ത ഗൗതം അദാനിക്ക് ഇത് ബാധകമല്ലേ? ഒരു ലക്ഷം കോടി രൂപ പൊതുമേഖല ബാങ്കുകളില്‍നിന്നു ലോണെടുത്ത് തിരിച്ചടക്കാത്ത അനില്‍ അംബാനിയുടെ വീട്ടില്‍ എന്തുകൊണ്ട് റെയ്ഡ് നടത്തുന്നില്ല. ഇന്ത്യന്‍ ബാങ്കുകളില്‍നിന്നു കോടികള്‍ തട്ടി ലണ്ടനില്‍ സസുഖം ക്രിക്കറ്റ് കണ്ട് വിനോദിച്ചുകഴിയുന്ന വിജയ് മല്യക്കെതിരേ സി.ബി.ഐ നടപടിയെടുക്കാത്തതെന്താണ്? 48 കോടിയാണോ രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ക്കുന്നത്?
മതേതര ചേരികള്‍ക്കൊപ്പം നിര്‍ഭയമായി നില്‍ക്കുന്ന മാധ്യമങ്ങളെ വരുതിയില്‍ വരുത്തുവാനോ നിശബ്ദമാക്കുവാനോ ആണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. വരുതിയില്‍ നില്‍ക്കാത്ത മാധ്യമങ്ങളെ നശിപ്പിക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് എന്‍.ഡി.ടി.വിക്ക് നേരെ സി.ബി.ഐയെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്. നൂറുകണക്കിന് കോര്‍പറേറ്റുകള്‍ പൊതുമേഖല ബാങ്കുകളില്‍നിന്ന് പണമെടുത്ത് രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു സ്വകാര്യബാങ്കില്‍ 48 കോടി തിരികെ അടച്ചില്ല എന്ന വെപ്രാളവുമായി സി.ബി.ഐയെ സര്‍ക്കാര്‍ റെയ്ഡിന് വിട്ടിരിക്കുന്നത്. എത്രമാത്രം ബാലിശമാണ് ഈ നടപടി.
ഗുജറാത്ത്‌വംശഹത്യയുടെ കാലംതൊട്ട് എന്‍.ഡി.ടി.വി ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. ഇതുസംബന്ധിച്ച എന്‍.ഡി.ടി.വി അഭിമുഖത്തില്‍ നിന്നിറങ്ങിപ്പോയ ആളാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെന്ന് മറക്കാറായിട്ടില്ല. രാത്രി മൂന്നര മണിക്ക് റെയ്ഡ് നടത്താന്‍ പ്രണോയ് റോയിയും ഭാര്യ രാധികയും രാജ്യത്തെ ക്രിമിനലുകളാണോ? 2016ല്‍ പത്താന്‍കോട്ടില്‍ സൈനിക താവളത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ തത്സമയ സംപ്രേഷണം ചെയ്തുകൊണ്ട് എന്‍.ഡി.ടി.വി ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ലോകത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് രോഷാകുലരായ ഭരണകൂടം കഴിഞ്ഞ നവംബറില്‍ എന്‍.ഡി.ടി.വിയോട് ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
രാജ്യത്തെ മാധ്യമകൂട്ടായ്മയുടെ വന്‍ പ്രതിഷേധത്തിനു മുമ്പില്‍ സര്‍ക്കാര്‍ ഉള്‍വലിയുകയായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ മോഹനവാഗ്ദാനങ്ങള്‍ നിരത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, 2019 ആകുമ്പോള്‍ എന്‍.ഡി.ടി.വി പോലുള്ള നിരവധി മാധ്യമങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണ പരാജയത്തെ കുറിച്ച് ചോദ്യങ്ങളുടെ ആവനാഴിയുമായി കാത്തിരിക്കുകയാണ്. അത് തടയാനുള്ള മുന്നൊരുക്കമായി വേണം ഇപ്പോഴത്തെ റെയ്ഡിനെ കാണാന്‍. എന്‍.ഡി.ടി.വിയെ ഇല്ലാതാക്കിയാലും ഡിജിറ്റല്‍ മീഡിയകളിലൂടെ വരാനിരിക്കുന്ന ചോദ്യശരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ മോദി സര്‍ക്കാരിനു കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."