ഇടുക്കിയിലെ കൈയേറ്റങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഉത്തരവ്
ബാസിത് ഹസന്‍
തൊടുപുഴ: മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ ഉള്‍പ്പെടെ സാധൂകരിക്കാന്‍ വഴിയൊരുക്കുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കൈയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടുക്കിയിലെ നിശ്ചിത അളവില്‍പ്പെട്ട അനധികൃത നിര്‍മാണങ്ങള്‍ ക്രമവല്‍കരിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണു പുറത്തിറക്കി. 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ 15 സെന്റില്‍ താഴെയുള്ള ഭൂമിയിലെ 1500 ചതുരശ്ര അടിക്ക് താഴെ തറവിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കാണ് സാധുത നല്‍കുന്നത്. ഇതേ പട്ടയഭൂമിയില്‍ തന്നെയുള്ള 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് (വാണിജ്യം ഉള്‍പ്പെടെ) പ്രത്യേക ഇളവ് വഴി സാധുത നല്‍കാനും ഉത്തരവില്‍ നിബന്ധനകളുണ്ട്. ഇതിനുപുറമെയുള്ള നിര്‍മാണങ്ങളെല്ലാം കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാനും നിര്‍ദേശമുണ്ട്.
രവീന്ദ്രന്‍ പട്ടയത്തിന്റെ സാധുത പഠനവിധേയമാക്കി മൂന്നുമാസത്തിനകം അഞ്ചംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടി പൂര്‍ത്തിയാക്കണം, മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിച്ച സാഹചര്യത്തില്‍ ഇവിടെ കൈകാര്യം ചെയ്തിരുന്ന കേസുകള്‍ മടക്കിനല്‍കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ആഭ്യന്തര വകുപ്പ് പുറത്തിറക്കണം, ഏത് ആവശ്യത്തിനാണ് ഭൂമി അനുവദിച്ചതെന്നത് വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം തുടങ്ങി പത്ത് പ്രധാന നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.വാഗമണ്‍ മേഖല ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ മൊത്തം കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് അവ തങ്ങളുടെ ഏക വരുമാന മാര്‍ഗമാണെന്ന് തെളിയിച്ചാണ് നിയമ സാധുത നല്‍കുന്നതെങ്കിലും രാഷ്ട്രീയ സ്വാധീനത്തില്‍ ഇവയെല്ലാം അട്ടിമറിക്കപ്പെടുമെന്നത് ഉറപ്പാണ്. ഏക്കര്‍ കണക്കിന് ഭൂമി കൈയേറിയ കേസുകളടക്കം ജില്ലയില്‍ ഉണ്ടായിട്ടും ഇവയെല്ലാം ഇന്ന് ഫയലിലുറങ്ങുകയാണ്. ഈ ഉത്തരവുപ്രകാരം സ്വാധീനത്തിലും ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധത്തിലും മാഫിയ നേട്ടം കൊയ്യുമെന്നുറപ്പാണ്.
രവീന്ദ്രന്‍ പട്ടയങ്ങള്‍ സാധൂകരിക്കാന്‍ നീക്കം നടക്കുമ്പോള്‍ ഇവ ചട്ടവിരുദ്ധമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ശീതീകരണിയിലാണ്. സാധൂകരണ ഉത്തരവിറങ്ങും മുന്‍പ് റവന്യൂ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.ഐ ലോക്കല്‍ കമ്മിറ്റികള്‍ മൂന്നാര്‍ മേഖലയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."