ലിംഗസമത്വമെന്ന മിഥ്യ
ശബരിമല വിവാദത്തിന്റെ വൈകാരികാനുകൂല്യത്തില്‍ മുസ്‌ലിം ആരാധനാലയങ്ങളിലും ലിംഗസമത്വം ഉറപ്പുവരുത്തണമെന്ന ശാഠ്യത്തില്‍ ചട്ടംകെട്ടി കോടതിവരെയെത്തി നില്‍ക്കുന്ന പ്രോഗ്രസിവ് മുസ്‌ലിം വുമണ്‍സ് ഫോറം (നിസ) ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങളും ഇടതു ലിബറല്‍ രാഷ്ട്രീയ,സാമൂഹിക നേതാക്കളും ഉയര്‍ത്തുന്ന പ്രധാന ന്യായങ്ങള്‍ താഴെ കൊടുക്കുന്നു:
1. സ്ത്രീവിരുദ്ധമായ മെയില്‍ ഷോവനിസത്തിന്റെ സൃഷ്ടിയാണ് പൗരോഹിത്യം. ഹൈന്ദവദര്‍ശനങ്ങളിലെ വൈദിക,താന്ത്രിക ദ്വന്ദവും ഇസ്‌ലാമിലെ ആചാര്യസങ്കല്‍പ്പങ്ങളും ചൂഷണോന്മുഖമായ മധ്യകാലസാഹചര്യങ്ങളില്‍ ഉടലെടുത്ത പുരുഷകേന്ദ്രീകൃത വ്യവസ്ഥയാണ്. ആ വ്യവസ്ഥയുടെ ബലത്തിലാണു പുരുഷന്‍ ആരാധനാലയങ്ങളുടെ ആധിപത്യം നേടിയത്, ജനിതകമോ വൈദികമോ ആയ പ്രമാണങ്ങള്‍ കൊണ്ടല്ല.
2. ഇസ്‌ലാമില്‍, സ്ത്രീത്വത്തെ ഭോഗപദവിയില്‍ നിന്നു മനുഷ്യപദവിയിലേയ്ക്കു നയിച്ച അന്ത്യപ്രവാചകന്‍ ഒരിക്കലും സ്ത്രീകള്‍ക്കു പള്ളിയില്‍ ആരാധന നിരുത്സാഹപ്പെടുത്തിയിട്ടില്ല. മറിച്ച്, ശാരീരികാവശതകളും ഗാര്‍ഹിക കൃത്യന്തര ബാഹുല്യങ്ങളുമുണ്ടാവുമ്പോഴുള്ള പ്രയാസത്തെക്കുറിച്ചുള്ള അവരുടെ മനസ് വായിച്ച്, വീടു പള്ളിയേക്കാള്‍ ഉത്തമമാണെന്നു പറയുകയായിരുന്നു. സ്ത്രീകള്‍ പൊതുരംഗത്ത് പ്രവേശിച്ചു കഴിഞ്ഞ ഇക്കാലത്ത് പ്രവാചകനുണ്ടായിരുന്നെങ്കില്‍ ഫെമിനിസ്റ്റുകളുടെ മനസ് വായിച്ച് അവര്‍ക്ക് പള്ളിപ്രവേശം അനുവദിച്ച് മതം നിര്‍മലമാക്കുമായിരുന്നു.
നിസയുടെ സുഹ്‌റ, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ജാമിതടീച്ചര്‍, വനിതാകമ്മിഷനുവേണ്ടി കെ.കെ ശൈലജ ടീച്ചര്‍, ഇടതു ലിബറലുകള്‍ക്കുവേണ്ടി കോടിയേരി ബാലകൃഷ്ണന്‍, മുസ്‌ലിം ലിബറലുകള്‍ക്കുവേണ്ടി കെ.ടി ജലീല്‍ തുടങ്ങി പതിവുപോലെ അനേകം 'മുസ്‌ലിം ബുദ്ധിജീവികളും' ഇതേ വാദങ്ങളുടെ പല അടരുകള്‍ ഉപയോഗിച്ചു രംഗത്തെത്തിയിട്ടുണ്ട്. നിരവധി വെബ്‌പോര്‍ട്ടലുകളില്‍ 'പൗരോഹിത്യ ഇസ്‌ലാമിലെ' സ്ത്രീവിരുദ്ധരീതികളെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചു നിര്‍വൃതിയടയുന്ന വിപ്ലവസ്ത്രീത്വത്തിന്റെ കലിപ്പുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം വാദമുഖങ്ങളുടെ ഉള്‍ത്തട്ടിലുള്ള താല്‍പര്യങ്ങളും ദോഷവശങ്ങളും അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്.
ഇല്ലാത്ത രോഗത്തിനു കിട്ടാത്തമരുന്ന്
ശബരിമലയും 'സുന്നിപ്പള്ളി'കളുമാണല്ലോ നിലവില്‍ പ്രശ്‌നവും പ്രമേയവും. ആദര്‍ശബന്ധിതവും ആചാരബന്ധിതവുമായ വിശ്വാസ പ്രമാണങ്ങളെയാണ് മതമെന്ന പദം കൊണ്ടു വ്യവഹരിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ കക്ഷികള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ ഈ വിഷയത്തില്‍ ഇടപെടുമ്പോള്‍ ഉയരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ശബരിമലയെ സുന്നി മസ്ജിദുകളുമായി താരതമ്യം ചെയ്ത രീതിയാണ് ഒന്നാമത്തേത്.
നൈഷ്ടികബ്രഹ്മചാരിയായ മണികണ്ഠന്‍ അയ്യപ്പന്റെ പ്രതിഷ്ഠയെ ആരാധിക്കുന്ന ഇടമാണു ശബരിമല. ഹിന്ദുമതത്തിലെ വൈദികവും താന്ത്രികവുമായ ആചാരമുറകളാണ് അവിടെ നടക്കുന്നത്. പന്ത്രണ്ടാം ശതകമാണു മണികണ്ഠന്റെ കാലഘട്ടം. ശിവനെ (അയ്യന്‍) പരമദൈവമായി ആരാധിക്കുന്ന ശൈവധാരയും മഹാവിഷ്ണുവിനെ (അപ്പന്‍) മഹാദൈവമായി പരിഗണിക്കുന്ന വൈഷ്ണവധാരയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ഒരു കാലത്ത് ഇരുപക്ഷത്തെയും ഒരുമിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 'അയ്യപ്പന്‍' രൂപപ്പെടുന്നത്. പക്ഷേ, മസ്ജിദുകളില്‍ പ്രതിഷ്ഠയോ പൂജയോ മൂര്‍ത്തിയോ മുഹൂര്‍ത്തമോയില്ല.
സ്ത്രീപ്രവേശന വിലക്കിന്റെ വിഷയത്തിലും വ്യത്യാസമുണ്ട്. മണികണ്ഠന്‍ ബ്രഹ്മചാരിയായതിനാല്‍ ഋതുമതിത്വം നിലനില്‍ക്കുന്ന സ്ത്രീശരീരം സന്നിധിയില്‍ കടക്കരുതെന്നാണു പഥ്യം .സ്ത്രീലിംഗനിയന്ത്രണമെന്നതിനേക്കാള്‍ പ്രായനിയന്ത്രണമാണത്. അക്കാര്യത്തില്‍ സ്ഥായീരൂപമുണ്ടെന്നു പറയാനുമാവില്ല. ഇടക്കാലങ്ങളില്‍ പഥ്യം തെറ്റിക്കപ്പെട്ടതു കാണാം.
മസ്ജിദുകളില്‍ ആദരവിനോ ആരാധനക്കോ ആനന്ദത്തിനോ വേണ്ടി സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഇസ്‌ലാമില്‍ വിലക്കില്ല. അക്കാര്യത്തില്‍ പ്രായനിയന്ത്രണവുമില്ല. അവര്‍ പ്രവേശിക്കുന്നതുകൊണ്ട് അവിടം അശുദ്ധമാവുകയോ ശുദ്ധികലശം വേണ്ടിവരികയോ ഇല്ല. ആര്‍ത്തവകാരികള്‍ക്കു മസ്ജിദില്‍ പ്രവേശിക്കാന്‍ പാടില്ലെന്നത് സ്ത്രീവിരുദ്ധതയാവുമെങ്കില്‍ ഇന്ദ്രിയസ്ഖലനമുണ്ടായ പുരുഷനും ദേഹശുദ്ധി നടത്തുന്നതുവരെ പ്രവേശനം നിഷിദ്ധമാണെന്നത് പുരുഷവിരുദ്ധതയെന്നു പറയേണ്ടിവരും.
ചില പ്രത്യേക ശാരീരികസാഹചര്യങ്ങളില്‍ നമസ്‌കാരവും വ്രതവും സ്ത്രീകള്‍ക്കു പാടില്ലെന്നതു പക്ഷാന്തര ഇസ്‌ലാമാണ്. പുരുഷനും നിസ്‌കാരം മുതല്‍ ധാരാളം കാര്യങ്ങള്‍ നിഷിദ്ധമാവുന്ന ശാരീരികാവസ്ഥകളുണ്ട്. അതൊക്കെ അനീതിയാണെന്നു സമര്‍ഥിക്കാനും നടപ്പാക്കാനും തുടങ്ങിയാല്‍ പിന്നെ എന്ത് ഇസ്‌ലാമാണു ബാക്കിയുണ്ടാവുക. അച്ചടക്കങ്ങളെയും ആനുകൂല്യങ്ങളെയും അക്രമമായി കാണുന്ന യുക്തിരഹിതമായ ചിന്തയാണത്.
ഭരണകൂടം സ്ത്രീകള്‍ക്ക് പല കാര്യങ്ങളിലും ഇളവ് അനുവദിക്കുന്നതും പ്രസവാവധി അനുവദിക്കുന്നതും യൂനിഫോമണിയാത്ത വിദ്യാര്‍ത്ഥിയെ ക്ലാസില്‍നിന്നു പുറത്താക്കുന്നതും മേലുദ്യോഗസ്ഥരുടെ മുറികളില്‍ പദവി കുറഞ്ഞവര്‍ക്ക് ഇഷ്ടംപോലെ കടക്കാന്‍ അനുമതി നല്‍കാത്തതുമൊക്കെ മനുഷ്യാവകാശ ലംഘനമാണ് എന്നതിലെത്തും ഇത്തരം 'ന്യായ'ചിന്തകള്‍. കേവല യുക്തിവാദം ചരിത്രത്തില്‍ പലവട്ടം അരാജകത്വം സൃഷ്ടിച്ചതു വെറുതെയല്ല.
ആരാധനാലയങ്ങളെക്കൂടി പൊതുഇടമാക്കുകയെന്ന ലിബറല്‍ അജണ്ടയുടെ ഭാഗമാണ് ഇത്തരം വിവാദങ്ങള്‍. ശബരിമലയെയും സുന്നിപ്പള്ളിയെയും ഒരുപോലെ ബാധിക്കുന്ന കാര്യമാണിത്. ആചാരരീതികളെ തകര്‍ത്തു വിശ്വാസങ്ങളുടെ അന്തഃസത്തയില്ലാതാക്കി മുരട് ഇളക്കാനാണ്, ആരാധന മനുഷ്യാവകാശമാണെന്നും അതില്‍ ഇടതിനോ ഇടനിലക്കാര്‍ക്കോ പ്രത്യേക അധികാരങ്ങളില്ലെന്നും അവര്‍ പറയുന്നത്.
ആരാധനകള്‍ക്കുവേണ്ടി ഇതരര്‍ക്കു പ്രവേശനമില്ലാത്ത സ്വകാര്യയിടങ്ങളുണ്ടാവരുതെന്ന നിലപാട് ഭരണഘടനയുടെ നേര്‍ലംഘനമാവും. അക്കാര്യത്തില്‍ മതവിശ്വാസികള്‍ ഒന്നടങ്കം ഒരേ വേദിയില്‍ നില്‍ക്കേണ്ടി വരും. മാത്രവുമല്ല, തങ്ങളുടെ വിശ്വാസങ്ങളുടെ നിര്‍വചനവും നിര്‍വഹണവും മറ്റുള്ളവര്‍ പറയുന്നതു പ്രകാരമാക്കണമെന്നത് ഭാഗികമായെങ്കിലും സംഭവിച്ചാല്‍ മതസ്വാതന്ത്ര്യം വ്യക്തിയുടേതല്ലാതാവുകയും ഭരണകൂടത്തിന്റേതായി മാറുകയും ചെയ്യും.
മണികണ്ഠനെ അപ്രീതിപ്പെടുത്തി ശബരിമലയില്‍ പോവണമെന്നു ശഠിക്കുന്ന ഹിന്ദുഭക്തകളോ സുന്നിപ്പള്ളിയില്‍ പൊതുനമസ്‌കാരത്തിനു നേതൃത്വം കൊടുക്കണമെന്നു പറയുന്ന സുന്നിസ്ത്രീകളോ ഇവിടെയില്ല. മതവിശ്വാസം തന്നെ പാടില്ലെന്നു പറയുന്നവര്‍ ഈ പരാതികളോ പരിഭവങ്ങളോ ഇല്ലാത്തവര്‍ക്കിടയില്‍ നുഴഞ്ഞുകയറി സാമൂഹികശൈഥില്യങ്ങള്‍ വിതക്കുന്നതു കുറ്റമാവുന്ന നിയമങ്ങളാണുണ്ടാവേണ്ടത്. നിയമപരമായ പഴുതുകളേക്കാള്‍ ഇത്തരം കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അലിഖിതമായ സാമൂഹികമര്യാദകള്‍ അടിസ്ഥാനപ്പെടുത്തിയാവണം.
ഇനി , സുന്നിസമൂഹം എന്തുകൊണ്ട് സ്ത്രീപള്ളിപ്രവേശത്തെ നിരുത്സാഹപ്പെടുത്തുന്നു എന്നതാലോചിക്കാം. പ്രതിഷ്ഠ ആധാരമാക്കി നിര്‍മിക്കുന്ന ക്ഷേത്രമതങ്ങളില്‍നിന്നു വ്യത്യസ്തമായി ഇസ്‌ലാമില്‍ എവിടെവച്ചും എങ്ങനെയും പ്രാര്‍ഥിക്കാം. പള്ളിയാണെന്ന് ഉടമസ്ഥന്‍ തീരുമാനിച്ചു വകമാറ്റുന്ന ഏതിടവും പള്ളിയാവും. അപ്പോള്‍ പൊതുവായി നാട്ടില്‍ അറിയപ്പെടുന്ന പള്ളിയില്‍നിന്നു പ്രാര്‍ത്ഥിക്കുന്നതും സ്വന്തം ഭവനത്തിലെ ഒരു മുറി പള്ളിയാണെന്നു വകമാറ്റിയശേഷം അവിടെ വച്ചു പ്രാര്‍ത്ഥിക്കുന്നതും ഒരുപോലെയാണ്.
ഇസ്‌ലാമില്‍ അഞ്ചുസമയങ്ങളില്‍ നിര്‍ബന്ധ പ്രാര്‍ത്ഥനയുണ്ട്. പൊതുവായി പറഞ്ഞാല്‍ അതില്‍ മൂന്നെണ്ണം രാത്രിയാണ്. ലോകം എത്ര പുരോഗതി പ്രാപിച്ചാലും പുരുഷനു സമാനമായ കായികക്ഷമത സ്ത്രീക്കു കൈവരിക്കാനാവില്ല.
ശാരീരികമായ സവിശേഷ ശക്തിക്ഷയങ്ങള്‍ അവരെ ബാധിക്കും. മാനസികമായ അതിഭീതിയുമുണ്ടാകും. അതിനാല്‍ ഇസ്‌ലാം അവര്‍ക്കുവേണ്ടി ഭവനം മസ്ജിതിനേക്കാള്‍ ആരാധനാകാര്യങ്ങളില്‍ ഉത്തമമാക്കി. മറിച്ചായിരുന്നുവെങ്കില്‍ പള്ളിയില്‍ തൊട്ടിലും കുപ്പിപ്പാലും സാനിറ്ററി പാഡുമൊക്കെ ഒരുക്കേണ്ടിവരുമായിരുന്നു.
'സ്ത്രീ പള്ളിപ്രവേശ'മെന്ന ഒരു പ്രയോഗം കേരളീയ മുസ്‌ലിം വ്യവഹാരങ്ങളിലുണ്ട്. സത്യത്തില്‍ ആ പ്രയോഗം തന്ത്രപരമായ ഒരു താക്കോല്‍ വാക്യമാണ്. പെണ്ണിനെ പള്ളിയില്‍ നിന്ന് ആരൊക്കെയോ തടയുന്നുവെന്ന മുന്‍ധാരണയാണ് ആ പ്രയോഗത്തിന്റെ ഉന്നം. അതിനാലാണു സുന്നിസമൂഹത്തിന് എപ്പോഴും മറുപടി പറയുന്ന ജോലി ലഭിച്ചത്. സത്യത്തില്‍, 'പെണ്ണിന്റെ ആരാധനയും വീടും' എന്നാണു നബിവചനത്തിന്റെ സാരം.
ഇടതു, വലതു നാസ്തികന്മാര്‍ നേരത്തെ ചെന്നുപെട്ട വൈരുധ്യത്തിന്റെ മറ്റൊരു പതിപ്പാണ് ഇസ്‌ലാം സ്ത്രീത്വത്തെ അടിച്ചമര്‍ത്തുന്നുവെന്നത്. അവിടെ പുരുഷാധിപത്യമാണെന്ന് എഴുതുകയും അതേസമയം മാസന്തോറും നൂറുകണക്കിന് അമുസ്‌ലിം പെണ്‍കുട്ടികള്‍ പ്രലോഭിതരായി ഇസ്‌ലാമീകരിക്കപ്പെടുന്നുവെന്നു പ്രസംഗിക്കുകയും ചെയ്യുന്ന അര്‍ഥരാഹിത്യം അധികപേരും ആലോചിച്ചിട്ടില്ല.
കുടുംബഭദ്രത തകര്‍ക്കുന്നുവെന്നു നിത്യേന വ്യക്തമായി വരുന്ന സമ്മതസഹിത ബാധ്യതാരഹിത ലൈംഗികതകളെ ഏതു തരത്തിലും സമ്മതിക്കുന്ന കോടതി വിധിയാല്‍ കഷ്ടപ്പെടുന്ന സ്ത്രീകള്‍ ഇവര്‍ക്കു വിഷയമല്ല , ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹാദിയയ്ക്കു പള്ളിയില്‍ പോവാന്‍ താല്‍പര്യമുണ്ടോ എന്നവര്‍ നോക്കിയിട്ടില്ല. തൃപ്പൂണിത്തറ ഘര്‍വാപസി കേന്ദ്രത്തെക്കുറിച്ചു മിണ്ടാന്‍ അവര്‍ക്കു ഭയമായിരുന്നു. ഇത്തരം സമുദായസമുദ്ധാരകര്‍ സമൂഹത്തിനു ദുരന്തങ്ങള്‍ മാത്രമാണ്.
ലിംഗസമത്വമല്ല, ലിംഗനീതിയാണു ശരി
ദ്വന്ദങ്ങളുടെ ഏകീകരണം വഴിയാണു പ്രാപഞ്ചികതയുടെ നിലനില്‍പ്പെന്നു ചിന്തിച്ചാല്‍ മനസിലാവും. രാവും പകലും, കരയും കടലും , ഉദയവും അസ്തമനവും, ഉത്ഥാനവും പതനവും, ഗിരിയും ഗര്‍ത്തവും, ന്യൂട്രോണും പ്രോട്ടോണും അങ്ങനെ തുടരുന്നതാണ് ആ ബെനറി ചെയിന്‍. കംപ്യൂട്ടര്‍ ഇന്‍പുട്ടുകള്‍ പോലും പൂജ്യം ഒന്ന്, ഒന്ന് പൂജ്യം എന്ന തോതിലാണു പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണു പൗരുഷവും സ്ത്രീത്വവും.
ഇവ രണ്ടും സമമാവണമെന്ന ചിന്ത പ്രാപഞ്ചികവിരുദ്ധമാണ്. രണ്ടിനും രണ്ടു ധര്‍മ്മങ്ങളാണുള്ളത്. അവ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തിയാര്‍ക്ക് എന്ന അന്വേഷണം അര്‍ത്ഥരഹിതമാണ്. ആരാധനാ സ്വാതന്ത്രത്തിലെ ലിംഗസമത്വമെന്നതിലും ഈ വസ്തുത അംഗീകരിക്കപ്പെടേണ്ടതുണ്ട്.
ലോകത്തെ പുത്തന്‍ പ്രവണത ആണുങ്ങളെ ആശ്രയിക്കാതെ സ്ത്രീകള്‍ സ്വയം പര്യാപ്തരാവുന്ന സ്ത്രീപക്ഷ ബദലുകള്‍ ഉയരുന്നതാണ്. സ്ത്രീകള്‍ക്കു മാത്രമുള്ള വാഹനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ പോലെ, ഷീടാക്‌സി ഉദാഹരണം. അതേപോലെ സ്ത്രീകള്‍ക്കു മാത്രമായ ആരാധനാലയങ്ങളെന്ന ചിന്തയാണ് ഇസ്‌ലാം നേരത്തേ പറഞ്ഞത്. അതുമാത്രം എങ്ങനെ കുഴപ്പമാവും. പല മുസ്‌ലിംരാജ്യങ്ങളിലും ആ രീതി വ്യാപകമാവുന്നുണ്ട്. ഹറമുകളിലെ ഇടകലര്‍ച്ച ഔദ്യോഗികമോ സൗദി ഭരണകൂടം പൂര്‍ണമായി മതപ്രാമാണികമോ അല്ല.
സ്ത്രീയെ സാമ്പത്തികോപകരണം മാത്രമാക്കി 1850 കളില്‍ യൂറോപ്പില്‍ ഉടലെടുത്ത ഇടതുപക്ഷ ചിന്തയാണു ഫെമിനിസം. പുരുഷന്റെ തൊഴില്‍വേതനം സ്ത്രീക്കും നല്‍കണമെന്നതില്‍ നിന്നാണ് അതിന്റെ പ്രത്യയശാസ്ത്രം ആരംഭിക്കുന്നത്. പക്ഷേ, അവസരസമത്വമെന്നതില്‍ സ്ത്രീക്കു പുരുഷന്റെയത്ര സാധിക്കാത്തതിനാല്‍ ഇന്നും വിജയിച്ചിട്ടില്ല. യൂറോപ്പില്‍പ്പോലും വേജ് ഗ്യാപ് ഇന്നും നിലനില്‍ക്കുന്നു. നമ്മടെ നാട്ടിലെ നഴ്‌സിങ് സമരം അതിന്റെ ഉദാഹരണമാവും.
ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല . ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരികസ്രവങ്ങളിലെ ഹോര്‍മോണുകള്‍ കുറവാണ്. ഗര്‍ഭാനന്തര ദൗത്യങ്ങള്‍ വേറെയും. അപ്പോള്‍ കുടുംബത്തിലും ജോലിസ്ഥലത്തും ഭാരിച്ചതോ ദീര്‍ഘിച്ചതോ ആയ ജോലികള്‍ അവര്‍ക്കു കഴിയില്ല. അതിനാലാണു ഫെമിനിസം സാമൂഹികമായി പരാജയപ്പെട്ടത്. ലോകരാജ്യങ്ങളുടെ മിലിട്ടറിയില്‍ സ്ത്രീസാന്നിധ്യം വിജയിക്കാത്തതും ആപത്തുകള്‍ തരണം ചെയ്യാന്‍ സ്വയം കഴിയാതെ വന്നതും ശ്രദ്ധിക്കപ്പെട്ടു. ലിംഗസമത്വത്തേക്കാള്‍ പ്രായോഗികം ലിംഗനീതിയാണെന്നു തിരിച്ചറിയപ്പെട്ടു.
സ്ത്രീ പുരുഷന്റെ പിറകിലല്ലെന്നു ശാസ്ത്രീയമായി തെളിയിക്കാനുള്ള പല പരീക്ഷണങ്ങളും കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്നു. വളര്‍ത്തുദോഷമാണ് , അല്ലാതെ ജനിതകമല്ല ആ വേര്‍തിരിവെന്നു വാദമുണ്ടായി. ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ പരീക്ഷണാര്‍ത്ഥം കുട്ടികളെ വളര്‍ത്തിയപ്പോള്‍ ക്രമേണ ആണ്‍കുട്ടികള്‍ ധീരസാഹസങ്ങളില്‍ ഏര്‍പ്പെടുന്നതും പെണ്‍കുട്ടികള്‍ ഉള്‍വലിഞ്ഞു ചെറിയകാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുന്നതും ശ്രദ്ധിക്കപ്പെട്ടുവെന്ന പഠനങ്ങള്‍ ലഭ്യമാണ്. കളിപ്പാട്ടങ്ങള്‍ തെരെഞ്ഞെടുക്കുന്നതില്‍ വരെ ആ ജനിതകമാറ്റം പ്രകടമായി.
ഇന്നു നിയോ ഫെമിനിസം പലതും തിരിച്ചറിഞ്ഞു പുരുഷ സൗഹൃദ ബദല്‍ ലോകമെന്ന പ്രാക്ടിക്കല്‍ പൊളിറ്റിക്‌സിനാണു പ്രാധാന്യം നല്‍കുന്നത്. പക്ഷേ, അവരില്‍ നാസ്തികതയോടു താല്‍പര്യമുള്ളവര്‍ മതത്തിനകത്തെ പെണ്ണിടങ്ങളില്‍ ഇടപെട്ടു വെടക്കാക്കി തനിക്കാക്കാനുള്ള ശ്രമങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."