കരുതിയിരിക്കുക, ഇവര്‍ തീപ്പൊരി വിതയ്ക്കുന്നവര്‍
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രഹ്‌ന ഫാത്തിമയെന്ന യുവതി ശബരിമലദര്‍ശനത്തിനു പോയപ്പോള്‍ സംഘ്പരിവാറിന്റെ ഒരു തീപ്പൊരിനേതാവു നടത്തിയ പ്രതികരണം, 'മുസ്‌ലിം സ്ത്രീ മലചവിട്ടിയതോടെ ഹിന്ദുവികാരത്തിനു മുറിവേറ്റു' എന്നായിരുന്നു.
മുസ്‌ലിം പേരുകാരിയാണെങ്കിലും അവര്‍ ഇസ്‌ലാംമത വിശ്വാസിയാണോ ഭക്തിമൂലം തന്നെയാണോ അവര്‍ ശബരിമലയിലെത്തി ദര്‍ശനത്തിനു പോയത് തുടങ്ങിയ തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍ ഇതിലുണ്ടെങ്കിലും അതിവിടത്തെ വിഷയമല്ലാത്തതിനാല്‍ തല്‍ക്കാലം മാറ്റി നിര്‍ത്തുന്നു.
സംഘ്പരിവാര്‍ തീപ്പൊരിനേതാവിന്റെ പ്രതികരണത്തിലെ യുക്തിയാണു മനസ്സിലാകാത്തത്. അയ്യപ്പന്റെ പ്രിയതോഴന്‍ മുസ്‌ലിമായ വാവരാണെന്നാണ് ഐതിഹ്യം. പതിനെട്ടാം പടിക്കു മുകളില്‍ ശബരിമലക്ഷേത്രത്തിന് നേരേ എതിര്‍ഭാഗത്തായാണ് വാവരു പള്ളിയുള്ളത്. ശബരിമല ദര്‍ശനം നടത്തുന്ന ഭക്തന്മാരെല്ലാം നൂറ്റാണ്ടുകളായി വാവരു പള്ളിയിലും പോകാറുണ്ടെന്നതും സത്യം.
മറ്റെല്ലാ ക്ഷേത്രങ്ങളില്‍നിന്നും വിഭിന്നമായി ശബരിമലക്ഷേത്രത്തെക്കുറിച്ചു നാം അഭിമാനം കൊള്ളുന്നത് അവിടെ ജാതി, മത വ്യത്യാസമില്ലാതെ ആര്‍ക്കും പോകാമെന്നതിനാലാണ്. 'ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകു'മെന്നു പാടി ആശ്വസിക്കാനല്ലാതെ ഗാനഗന്ധര്‍വനായ യേശുദാസിന് ആ ക്ഷേത്രത്തില്‍ കടക്കാനാവില്ല, ശബരിമലയില്‍ അദ്ദേഹമുള്‍പ്പെടെ എത്രയോ അഹിന്ദുക്കള്‍ പോയിട്ടുണ്ട്.
അപ്പോഴൊന്നും തകര്‍ന്നുവീഴാത്ത ഹിന്ദുവികാരമെങ്ങനെയാണു രഹ്‌ന ഫാത്തിമയെന്ന മുസ്‌ലിം പേരുകാരി ശബരിമലയിലെത്തുമ്പോള്‍ ഇടിഞ്ഞുവീഴുന്നത്. ആചാരം ലംഘിച്ചു യുവതി മലചവിട്ടിയതിനാല്‍ ഹിന്ദുവികാരം മുറിപ്പെട്ടുവെന്നല്ലോ തീപ്പൊരി നേതാവു പറഞ്ഞത്. രഹ്‌നയോടൊപ്പം മല ചവിട്ടിയ കവിതയെന്ന യുവതിയുടെ കാര്യത്തില്‍ ഹിന്ദുവികാരം മുറിപ്പെട്ടതായി അദ്ദേഹം പറഞ്ഞിട്ടുമില്ല.
ഭക്തി ഉള്ളിലുണ്ടായാലുമില്ലെങ്കിലും രഹ്‌ന ഇരുമുടിക്കെട്ടു തലയിലേറ്റിയാണു മലകയറിയത്. കവിതയുടെ തലയില്‍ പൊലിസിന്റെ ഹെല്‍മെറ്റും ദേഹത്ത് പൊലിസിന്റെ ഷീല്‍ഡ് ജാക്കറ്റുമായിരുന്നു. അത്തരമൊരു വേഷത്തില്‍ ഒരാളും ദര്‍ശനത്തിനെത്തിയ ചരിത്രമില്ല. ശബിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതിയും ഈ കോമാളിവേഷം കെട്ടലിനെ അംഗീകരിക്കില്ലെന്നുറപ്പ്.
അതിന്റെ പേരിലായിരുന്നു യഥാര്‍ഥഭക്തന്‍ പൊട്ടിത്തെറിക്കേണ്ടിയിരുന്നത്. പകരം ഭക്തിപ്രകടനക്കാര്‍ ഉറഞ്ഞുതുള്ളിയത് ഇരുമുടിക്കെട്ടുമായി വന്ന യുവതിക്കു നേരേ. കാരണം, അവളുടേത് മുസ്‌ലിം പേരാണ്. ആ യുവതി ഇസ്‌ലാമികാചാര പ്രകാരം ജീവിക്കുന്നവളാണോയെന്ന് അന്വേഷിക്കുകപോലും ചെയ്യാതെയാണ് 'മുസ്‌ലിം സ്ത്രീ മലചവിട്ടിയപ്പോള്‍ വ്രണപ്പെട്ട ഹിന്ദുവികാര'ത്തെക്കുറിച്ചുള്ള വിലാപമുണ്ടായത്.
തൊട്ടുപിന്നാലെ മല കയറിയ ക്രിസ്ത്യന്‍ യുവതിയുടെ കാര്യത്തില്‍ ഈ വികാരം വ്രണപ്പെട്ടതായി നേതാവ് പറഞ്ഞില്ലെന്നതില്‍നിന്നു തന്നെ ഇതിനു പിന്നിലെ രഹസ്യ അജന്‍ഡ സുവ്യക്തം. രാജ്യത്തെങ്ങും നട്ടുവളര്‍ത്തിയ മതസ്പര്‍ദ്ധയുടെ വിത്ത് ഇവിടെയും വിതയ്ക്കണം. അതിലൂടെ ഭരണം കൈക്കലാക്കണം. മതവിരോധം ആളിക്കത്തിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ആയുധം മതവികാരം ആളിക്കത്തിക്കലാണ്. അതിനാണിവിടെ 'രഹ്‌ന ഫാത്തിമ' എന്ന പേര് വജ്രായുധമായി ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വോട്ടും ആവശ്യമായതിനാല്‍ ആ പേരില്‍ വിവാദത്തിരി കൊളുത്തില്ല.
ഇപ്പറയുന്ന പേരുകാരി ആരോപണമുന്നയിച്ച നേതാവിന്റെ ഫേസ്ബുക് സുഹൃത്താണെന്ന എതിര്‍പ്രചാരണം വന്നതോടെ അതുവരെ മതവികാരം വ്രണപ്പെട്ടതിന്റെ പേരില്‍ വിലപിച്ച നേതാവ് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയെന്നത് മറ്റൊരു കൗതുകം. മതവിരോധം ആളിക്കത്തിക്കാന്‍ ഈ നേതാവു തന്നെയാണ് ഈ യുവതിയെ പ്രേരിപ്പിച്ചു മലചവിട്ടിച്ചതെന്നാണ് എതിരാളികളുടെ ആരോപണം. ആ ആരോപണം ശരിയാണെങ്കില്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള വളരെ ആസൂത്രിതമായ ഒളിയജന്‍ഡ ഇതിനു പിന്നിലുണ്ടെന്നു സംശയിക്കണം. അറിഞ്ഞോ അറിയാതെയോ രഹ്‌ന ഫാത്തിമ മതഭ്രാന്തു നിര്‍മാതാക്കളുടെ കൈയിലെ ഉപകരണമായി മാറി.
ഒളിയജന്‍ഡയുണ്ടെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ശബരിമല കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍. സുപ്രിംകോടതിയില്‍ ഹരജിയെത്തുന്നതു മുതല്‍ സംശയസാധ്യതയുണ്ട്. സംഘ്പരിവാര്‍ ബന്ധമുള്ള അഞ്ചു വനിതാ അഭിഭാഷകരാണു ശബരിമലയില്‍ വനിതാപ്രവേശനത്തിന് അനുമതിയാവശ്യപ്പെട്ടു ഹരജി നല്‍കിയത്. അത് അവരുടെ താല്‍പ്പര്യപ്രകാരം തന്നെയായിരുന്നോ. ആണെങ്കില്‍ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന ആ നീക്കം എന്തുകൊണ്ടു സംഘ്പരിവാര്‍ തടഞ്ഞില്ല. സമയം കിട്ടിയില്ലെന്നു പറയാനാവില്ല, പന്ത്രണ്ടുവര്‍ഷമാണ് ഈ കേസ് നിലനിന്നത്.
ഹരജിക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ കേസില്‍ കക്ഷി ചേര്‍ന്നു ഹിന്ദുവികാരംവ്രണപ്പെടുമെന്നു സമര്‍ഥിക്കാമായിരുന്നു. അതു ചെയ്തില്ല. കേസിന്റെ വിധിക്കു മുമ്പും ശേഷവും ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷി മുതല്‍ കേരളത്തിലെ സഞ്ജയന്‍ വരെയുള്ളവര്‍ ലിംഗവിവേചനത്തിനെതിരേ പ്രതികരിച്ചതും നാം കണ്ടതാണ്. ശബരിമലയിലെ സ്ത്രീപ്രവേശം ഹിന്ദുവികാരം തകര്‍ക്കുന്ന വജ്രായുധമാണെന്ന് അവര്‍ക്കൊന്നും തോന്നിയില്ല.
സുപ്രിംകോടതി വിധിയെ നിയമനിര്‍മാണം കൊണ്ടു മറികടക്കാന്‍ ശ്രമിക്കാം. അതിനു സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്രസര്‍ക്കാരിനാണു കഴിയുക. ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന വിധിക്കെതിരേ നിയമനിര്‍മാണമാവശ്യപ്പെട്ടു നിരീശ്വരവാദിയായ പിണറായി വിജയനു മേല്‍ കുതിര കയറുന്നതിനു പകരം തികഞ്ഞ ഹൈന്ദവനായ പ്രധാനമന്ത്രിയെ സമീപിക്കാമായിരുന്നു. ഫലപ്രദമായ മാര്‍ഗം അതാണ്. അതിനു പകരം ശരണപാതയില്‍ കലാപമുണ്ടാക്കുന്നതിനു പിന്നില്‍ ഒളിയജന്‍ഡയില്ലെന്ന് എങ്ങനെ വിശ്വസിക്കും.
നീതിപീഠത്തിന്റെ താഴെത്തട്ടു മുതല്‍ പരമോന്നതപീഠം വരെ പരാതിയുമായി ചെല്ലാന്‍ ഓരോ പൗരനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ശബരിമലക്കേസില്‍ പുനഃപരിശോധനാ ഹരജിക്ക് അവസരമുണ്ട്. പലരും ഹരജി നല്‍കിയിട്ടുമുണ്ട്. കോടതി അതു പരിഗണിക്കുന്നതുവരെ കാത്തിരിക്കാതെ കലാപം സൃഷ്ടിക്കുകയും മതസ്പര്‍ദ്ധയുണ്ടാക്കുന്ന മുസ്‌ലിം പരാമര്‍ശത്തീപ്പൊരി വാരിവിതറുകയും ചെയ്തിരിക്കുകയാണ്.
വേദനയോടെ പറയട്ടെ, ഇവര്‍ വിതറിയ തീപ്പൊരി നിഷ്‌കളങ്കരായ ഹൈന്ദവരില്‍ നല്ലൊരു ശതമാനത്തിന്റെയും മനസ്സില്‍ പകയുടെ ജ്വാല സൃഷ്ടിക്കുന്നതു ഭീതിയോടെ തിരിച്ചറിയുന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായ ശബരിമലയുടെ പേരിലാണ് ഈ മതഭ്രാന്തെന്നതില്‍ ഏറെ ദുഃഖമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."