ജി.സി.സിയുടെ ഭാവിയെക്കുറിച്ച് ആശങ്ക: ഖത്തര്‍
ദോഹ: രാജ്യത്തിനെതിരായ നടപടി ജി.സി.സിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് ആല്‍ഥാനി. 'അല്‍ജസീറ'ക്കു നല്കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരേയുള്ള ഉപരോധത്തെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം നിലപാട് വിശദീകരിച്ചത്. സംവാദങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഖത്തറിന്റെ നിലപാട്.
എന്നാല്‍, എന്തുകൊണ്ടാണ് ഖത്തറിനുമേല്‍ ഇത്തരത്തിലുള്ള ഒരു ഉപരോധ നടപടിയെന്ന് വ്യക്തമല്ല. എന്തെങ്കിലും തരത്തിലുള്ള നിഗൂഢമായ താല്‍പ്പര്യങ്ങള്‍ സംഭവത്തിനു പിന്നിലുണ്ടോയെന്നും അറിയില്ല. യഥാര്‍ഥ കാരണങ്ങളുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഖത്തറിനെയും അതിന്റെ പരമാധികാരത്തെയും മാധ്യമ കുപ്രചാരണങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരം ആരോപണങ്ങളില്‍ ഖത്തര്‍ വഴുതിവീഴില്ല. ക്ഷമയോടെയും വിവേകത്തോടെയും പ്രതികരിക്കും. കുവൈത്ത് അമീറിന്റെ നിര്‍ദേശ പ്രകാരമാണ് ഖത്തറിലെ ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള അമീറിന്റെ തീരുമാനം നീട്ടിയത്. ജി.സി.സി രാജ്യങ്ങള്ക്കുള്ളില്നിന്നു കൊണ്ടുതന്നെ ഞങ്ങള്‍ക്കെതിരേ അമ്പുകള്‍ പായുന്നത് കാണേണ്ടിവരുന്നു.
മൂന്നു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ അടച്ചത് രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സാധാരണ ജീവിതത്തെ ബാധിക്കില്ല. അതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതിനും ലോകത്തുനിന്നു തീവ്രവാദം തുടച്ചുനീക്കുന്നതിനും അമേരിക്കയുമായുള്ള ശക്തമായ ബന്ധം തുടരുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."