അഞ്ചേ അഞ്ച് മിനിറ്റ്; മലപ്പുറത്ത് ആംബുലന്‍സ് പറന്നെത്തും
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലയില്‍ നടപ്പാക്കുന്ന 102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് ഉപകരണമുള്‍പ്പെടെയുള്ള സൗജന്യ ജി.പി.എസ് സംവിധാനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ചാരിറ്റബിള്‍ സംഘടകള്‍ നടത്തുന്ന ആംബുലന്‍സുകള്‍ക്ക് കഴിയുമെങ്കില്‍ സ്വന്തം ചെലവില്‍ ജി.പി.എസ് വയ്ക്കാന്‍ ആവശ്യപ്പെടും. ജില്ലയില്‍ 102 ആംബുലന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന ആംബുലന്‍സ് ഉടമസ്ഥരുടെയും ഡ്രൈവര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകല്കടര്‍.
ജി.പി.എസ് സംവിധാനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനത്തിനായി ഒരു വാഹനത്തിന് ഏകദേശം നാലായിരം രൂപ ചെലവ് വരും. അപകട സ്ഥലത്ത് അഞ്ചുമിനുറ്റിനുള്ളില്‍ എത്തുന്നതിനായി ദേശീയ പാതയില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ ഒരു ആംബുലന്‍സ് തയാറാക്കിനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ 10 കിലോ മീറ്റര്‍ പരിധിയിലും ഒരു ട്രോമാ കെയര്‍ ഹബ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ഈ ഹബില്‍ അടിയന്തര ശ്രുശ്രൂഷക്കുള്ള ഉപകരണങ്ങള്‍ കരുതിവയ്ക്കും.
ഓരോ ആംബുലന്‍സിനും സ്‌പൈനല്‍ ബെഡുകളും ഓക്‌സിജന്‍ സിലണ്ടറുകളും സൗജന്യമായി നല്‍കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഉണ്ടാവുക. ഇപ്പോള്‍ ഒരു അപകടം കഴിഞ്ഞാല്‍ ആംബുലന്‍സ് എത്താന്‍ ഏകദേശം 45 മിനുറ്റ് എടുക്കുന്നുണ്ട്. ഇതാണ് ആഗോള ശരാശരി സമയമായ അഞ്ചുമിനുട്ട് എന്നതിലേക്ക് എത്തിക്കുന്നത്.
ഒരു പഞ്ചായത്തില്‍ ഒരു ആംബുലന്‍സ് എന്ന ലക്ഷ്യം കൈവരിക്കും. ആംബുലന്‍സുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച് നിര്‍ത്തുന്നത് ഇതുവഴി ഒഴിവാക്കും. പദ്ധതിയില്‍ ചേരുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതിനു പുറമെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും. ആംബുലന്‍സുകളുടെ നികുതി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
ബ്ലോക്ക് തലത്തില്‍ ഏകോപ്പിക്കുന്ന പ്രവര്‍ത്തനതിന് കോഡിനേറ്റര്‍മാരെ നിയോഗിക്കും. മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും പ്രഥമ ശ്രുശ്രൂഷയില്‍ പരിശീലനം നല്‍കും. അനാഥരായ രോഗികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പണം കിട്ടാത്ത കേസുകളില്‍ തുക നല്‍കാന്‍ പ്രത്യേക ഫണ്ട് കണ്ടെത്തും. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഡെപ്യുട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ആര്‍.ടി.ഒ കെ.എം ഷാജി. എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. എം.കെ ശ്രീബിജു, ജില്ലാ ഇന്‍ഫര്‍മേറ്റിക്‌സ് ഓഫിസര്‍ പ്രതീഷ് കെ.പി എയ്ഞ്ചല്‍സ്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."