കുരുന്നുകളോട് എന്തിനീ ക്രൂരത?
കാളികാവ്: പൂങ്ങോട് ഗവ.എല്‍.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. അക്ഷരം എഴുതി പഠിക്കേണ്ട ചുമരുകളില്‍ തെറിയഭിഷേകം എഴുതിവെച്ചു. ക്ലാസ് മുറികളില്‍ മലമൂത്ര വിസര്‍ജനം നടത്തിയും സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടി. കുട്ടികള്‍ ചുമരില്‍ തൂക്കിയ അക്ഷര മാലകളും പ്രൊജക്റ്റ് റിപ്പോര്‍ട്ടുകളും കീറിക്കളഞ്ഞ നിലയിലാണ്. മൂന്ന് ദിവസത്തെ അവധി കഴിഞ്ഞ് ഇന്നലെ വിദ്യാലയത്തിലെത്തിയ കുട്ടികള്‍ ഗണിത മാലകളും അക്ഷര ചാര്‍ട്ടുകളും നശിപ്പിച്ചത് കണ്ട് പൊട്ടിക്കരഞ്ഞു.
പൂങ്ങോട് സ്‌കൂളിലും മൈതാനത്തും ലഹരി ഉപഭോക്താക്കളുടെ ശല്യം കൂടുതലാണ്. രാത്രിയില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യപാനവും കഞ്ചാവ് ഉപയോഗവും വര്‍ദിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനെതിരേ പ്രതികരിച്ചതിന് നേതാജി ക്ലബ് പ്രസിഡന്റിനെ അക്രമിക്കുകയും ചെയ്തിരുന്നു. മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍ ക്ലാസ് മുറികള്‍ പൂര്‍വ സ്ഥിതിയിലാക്കിയെടുക്കാന്‍ സമയമെടുക്കും. ചുമരുകളില്‍ തെറിയഭിഷേകം മായിച്ച് കളയാന്‍ ചുവരുകള്‍ വീണ്ടും ചായം തേക്കേണ്ട അവസ്ഥയിലുമാണ്. വിദ്യാലയത്തിലെ കുടിവെള്ള സാമഗ്രികളും സമൂഹ വിരുദ്ധര്‍ നശിപ്പിച്ചതിനാല്‍ കുരുന്നുകളുടെ കുടിവെള്ളവും മുട്ടിയിട്ടുണ്ട്. വിദ്യാലയ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കാളികാവ് പൊലിസ് സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."