പെരിന്തല്‍മണ്ണ നഗരസഭ: 967 എസ്.സി കുടുംബങ്ങള്‍ക്ക് സ്‌നേഹഭവനം
പെരിന്തല്‍മണ്ണ: നഗരസഭയിലെ എസ്.സി കോളനികളില്‍ താമസിക്കുന്ന 967 കുടുംബങ്ങള്‍ക്ക് 43 കോടി രൂപ ചെലവില്‍ 'സ്‌നേഹഭവനം' നിര്‍മിക്കുന്നു. 600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 7.20 ലക്ഷം രൂപയാണ് ഒരുവീടിന് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭയിലെ വിവിധ കോളനികളിലായി 1052 കുടുംബങ്ങളാണുള്ളത്.
ഇതില്‍ 640 കുടുംബങ്ങള്‍ തീര്‍ത്തും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നത്. 245 കുടുംബങ്ങളുടെ വീടുകള്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. 82 കുടുംബങ്ങള്‍ക്ക് വീടും ഭൂമിയും ഇല്ല. ഇത്തരം സാഹചര്യത്തിലാണ് മുഴുവന്‍ പേര്‍ക്കും വീട്‌വച്ച് നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഭൂരഹിത ഭവനരഹിതരായ 82 പേര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഭവനസമുച്ചയം (ഫ്‌ലാറ്റ്) പദ്ധതിയാണ് പണിയുക. സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രം വീട് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കാവില്ല. വരുമാനക്കുറവും സാമിഗ്രികളുടെ വിലക്കയറ്റവും വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍, സഹായം, വിഭവ സമാഹരണം എന്നിവയിലൂടെ നഗരസഭ ഇത്രയും വീടുകള്‍ പണിയുന്ന പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ വിഹിതമായ 1.50 ലക്ഷം രൂപ, സംസ്ഥാന ലൈഫ് മിഷന്‍ വിഹിതമായ അരലക്ഷം രൂപ, നഗരസഭ വിഹിതമായ രണ്ട് ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പില്‍ നിന്നുള്ള 25,000 രൂപ, എന്നിങ്ങനെ 4.25 ലക്ഷവും ഗുണഭോക്തൃ വിഹിതം ഒരുലക്ഷം രൂപയും ഇതിലേക്ക് വിനിയോഗിക്കും. ഇതിന് പുറമേ നഗരത്തിലെ കെട്ടിട നിര്‍മാണസാമഗ്രി ഉത്പാദകരുമായി കുറഞ്ഞ നിരക്കില്‍ നിര്‍മാണ സാമിഗ്രികള്‍ എത്തിക്കാമെന്ന ധാരണയും നഗരസഭ ഉണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."