ചരക്ക് ലോറി മറിഞ്ഞ് മൂന്ന് തമിഴ്നാട് സ്വദേശികള്‍ മരിച്ചു
തൊടുപുഴ: തേങ്ങയുമായെത്തിയ ലോറി കുട്ടിക്കാനം വളഞ്ഞാങ്കാനത്ത് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. തേങ്ങ വ്യാപാരിയായ തേനി മൈലാടുംപാറ തങ്കമ്മാള്പുരം ആണ്ടിപെട്ടി സ്വദേശി സുബ്രഹ്മണ്യന് (48), ലോറി ഡ്രൈവര്‍ മധുര മേലൂര്‍ തെക്കലിംഗപുരം തോട്ടംപ്പെട്ടി സ്വദേശി ഭൂമിരാജന്‍ (28), സഹായി ദിനേശന് (31) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറി വളഞ്ഞാങ്കാനത്തെ കൊടുംവളവില്‍നിന്ന് 25 അടിയോളം താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ലോറി പല കഷ്ണങ്ങളായി.
സുബ്രഹ്മണ്യന്, ഭൂമിരാജന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയി. ദിനേശന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പൊലിസ് നിഗമനം. കയറ്റവും ഇറക്കവും വളവും നിറഞ്ഞ മുണ്ടക്കയം - കുട്ടിക്കാനം റോഡ് സ്ഥിരം അപകട മേഖലയാണ്. മരിച്ച സുബ്രഹ്മണ്യന് തങ്കമ്മള്പുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. ഒരു മാസം മുന്‍പാണ് ഇദ്ദേഹം തേങ്ങ വ്യാപാരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."