അമൃത്‌സര്‍ അപകടം: ആരുടെയും പേര് വ്യക്തമാക്കാതെ എഫ്.ഐ.ആര്‍
അമൃത്‌സര്‍: ദസറ ആഘോഷത്തിനിടയില്‍ രാവണന്റെ രൂപം കത്തിക്കുന്നത് കാണാനായി റെയില്‍വേ ട്രാക്കില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ട്രെയിനിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടെയും പേര് വ്യക്തമാക്കിയിട്ടില്ല. അതേസമയം ദസറ ആഘോഷച്ചടങ്ങിന്റെ മുഖ്യസംഘാടകരായ വിജയ് മദന്‍, ഇവരുടെ മകന്‍ സൗരഭ് മദന്‍ മിത്തു എന്നിവര്‍ ഒളിവില്‍ പോയതായാണ് വിവരം. ഇവരുടെ മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്താനായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തില്‍ രോഷാകുലരായ ജനങ്ങള്‍ സംഘാടകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഗവ. റെയില്‍വേ പൊലിസ് (ജി.ആര്‍.പി) കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിനിടിച്ച് 61 പേരാണ് മരിച്ചത്. എന്നാല്‍ മരണത്തിന് കാരണക്കാര്‍ ആരെന്ന് ഇത്രനേരത്തെ പറയുക എളുപ്പമല്ലെന്നാണ് റെയില്‍വേ പൊലിസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരുടെ പേര് എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ക്കുമെന്നും റെയില്‍വേ പൊലിസ് അമൃത്‌സര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബല്‍വിര്‍ സിങ് പറഞ്ഞു. എഫ്.ഐ.ആറില്‍ പേരില്ലാത്തതിനാല്‍ ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ അപകടവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തെ വീഴ്ചയില്‍ പ്രതിഷേധിച്ച് രോഷാകുലരായ ജനങ്ങളും പൊലിസും ഏറ്റുമുട്ടി. ട്രെയിന്‍ അപകടം നടന്ന ജോധ പട്കയിലാണ് ജനങ്ങള്‍ പൊലിസുമായി ഏറ്റുമുട്ടിയത്.
അപകടം നടന്ന സ്ഥലത്ത് ട്രാക്കിലെ തടസങ്ങള്‍ നീക്കാനായി എത്തിയപ്പോഴാണ് നാട്ടുകാര്‍ പൊലിസുമായി ഏറ്റുമുട്ടിയത്. കല്ലേറില്‍ പഞ്ചാബ് പൊലിസ് കമാന്‍ഡോ വിഭാഗം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. കമാന്‍ഡോ, ആര്‍.പി.എഫ് എന്നിവരുടെ സഹായത്തോടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."