മണ്‍സൂണിനെ വരവേറ്റ് കുടവിപണി; വര്‍ണക്കുടകളുമായി രാജസ്ഥാനികളും
കൊച്ചി: മണ്‍സൂണിനെ വരവേല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന കുടകളുമായി രാജസ്ഥാനികളും നഗരത്തിലെത്തിയതോടെ കുടവിപണി സജീവമായി. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ കുടകളുമായി കുടക്കമ്പനികളും വിപണിയില്‍ കടുത്ത മത്സരമാണ് നടത്തുന്നത്. ഇതിനിടയില്‍ തുണിയില്‍ നിര്‍മിച്ച അഴകാര്‍ന്ന കുടകളുമായാണ് രാജസ്ഥാന്‍ സ്വദേശികള്‍ എത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കുടില്‍വ്യവസായമായി നിര്‍മിക്കുന്ന ഈ കുടകള്‍ക്ക് ഒന്നിന് 150 മുതല്‍ 200 രൂപവരെയാണ് വില. നഗരത്തിലെ പ്രധാന ജങ്ഷനുകളും നിരത്തുകളും രാജസ്ഥാനി കുടകള്‍ കീഴടക്കി കഴിഞ്ഞു.
കറുപ്പുനിറത്തില്‍ മാത്രമായിരുന്ന കുടകള്‍ക്ക് കുറച്ചുകാലമായി നിറം പിടിച്ചു തുടങ്ങിയതോടെ കുറഞ്ഞ വിലയില്‍ വിവിധ വര്‍ണങ്ങളില്‍ ലഭിക്കുന്ന രാജസ്ഥാനി കുടകള്‍ക്ക് ആവശ്യക്കാരേറെയാണ്.
മഴക്കാലത്തും വേനല്‍ക്കാലത്തും കുട ഉപയോഗിക്കണമെന്നതിനാല്‍ ബ്രാന്‍ഡഡ് കുടകള്‍ക്കും വന്‍ ഡിമാന്റാണെന്ന് എറണാകുളം ബ്രോഡ്‌വേയിലെ കടയുടമകള്‍ പറയുന്നു. ബാഗിനുള്ളില്‍ ഒതുക്കിവെക്കാന്‍ സാധിക്കുന്ന രീതിയില്‍ മൂന്ന് മടക്കും അഞ്ച് മടക്കുമുള്ള കുടകളാണിപ്പോള്‍ എല്ലാവര്‍ക്കും പ്രിയം.
16 സെന്റീമീറ്റര്‍ മാത്രം നീളമുള്ള നാനോ കുടകള്‍ക്ക് 500 രൂപയാണ് വില. ഇതു കൂടാതെ മുകളിലേക്ക് മടക്കുന്ന കുടകളും വിപണിയിലുണ്ട്. മഴ നനയാതെ ബസിലും കാറിലുമൊക്കെ കയറാമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന ബ്ലൂടൂത്ത് കുടകളും വിപണിയിലുണ്ട്. ഫോണ്‍ ഉപയോഗിക്കാതെ ബ്ലൂടൂത്ത് മുഖാന്തരം യഥേഷ്ടം ഫോണ്‍ ചെയ്യാനും പാട്ടുകോള്‍ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച കുടകളും വിവിധ കളിക്കോപ്പുകള്‍ ഉള്‍ക്കൊള്ളിച്ച കുടകളും ഉണ്ട്. പലനിറത്തിലുള്ള മഴവില്‍ കുടകളും കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡാണ്.
തോക്കിന്റെ ആകൃതിയിലുള്ള കൈപ്പിടിയോടു കൂടിയ ഗണ്‍കുടകളും സ്‌ട്രോബറി കുടകളും വിപണിയിലുണ്ട്. വൈവിധ്യമാര്‍ന്ന കാലന്‍ കുടകള്‍ യുവാക്കളുടെ ഇടയിലെ താരമാണ്. വലിപ്പമുള്ളതിനാല്‍ നനയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. കാലന്‍കുടകള്‍ 450 രൂപ മുതല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."