നാട്ടുകാര്‍ പൂട്ടിയ പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു
ഹരിപ്പാട്: കുടിവെള്ളം കിട്ടാത്തത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ താഴിട്ട് പൂട്ടിയ പമ്പ്ഹൗസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
കരുവാറ്റ പഞ്ചായത്ത് 13ാം വാര്‍ഡ് അഞ്ചു തെങ്ങ് ഭാഗം നിവാസികള്‍ക്ക് കരുവാറ്റ കന്നുകാലിപാലം പഴയ പമ്പ്ഹൗസാണ് ചൊവ്വാഴ്ച വൈകിട്ട് അന്‍പതിലധികം സ്ത്രീകളുടെ നേതൃത്വത്തില്‍ പൂട്ടിയത്. തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും, ചേര്‍ത്തലയില്‍ നിന്നും പൈപ്പുകള്‍ എത്തിച്ച് തന്നാല്‍ ഒരാഴ്ചയ്ക്കകം തകരാറിലായ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പമ്പ് ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ നാട്ടുകാര്‍ സമ്മിച്ചത്. പ്രദേശത്തെ 250 മീറ്റര്‍ ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചാലേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. ചേര്‍ത്തലയില്‍ നിന്നും ഇതിനാവശ്യമായ പൈപ്പുകള്‍ എത്തിച്ച് നല്‍കാമെന്ന് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മതിക്കുകയായിരുന്നു.
പ്രദേശവാസികള്‍ക്ക് പൊതുടാപ്പിലൂടെ ലഭിക്കുന്ന വെള്ളം മാത്രമാണ് കുടിവെള്ളത്തിനായി ഏകെ ആശ്രയം. വര്‍ഷങ്ങളായിട്ട് ഇവിടെ പൊതുടാപ്പിലൂടെ വെള്ളം കിട്ടാറില്ല. വീടുകളിലേക്ക് നല്‍കിയിരിക്കുന്ന കണക് ഷന് സമീപത്തെ താഴ്ചയില്‍ ഘടിപ്പിച്ചിരിക്കുന്ന ടാപ്പില്‍ നിന്ന് കിട്ടുന്ന വെള്ളമാണ് ശേഖരിച്ചിരുന്നത്.
എന്നാല്‍ മഴപെയ്ത് വെള്ളം കയറിയതോടെ ടാപ്പുകള്‍ വെള്ളത്തിനടിയിലായി. കളക്ടറുടെ സ്നേഹസ്പര്‍ശം പരിപാടിയില്‍ നൂറ്റമ്പത് പേര് ഒപ്പിട്ട് പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ തുടര്‍ നടപടി ഉണ്ടാകാഞ്ഞതിനാലാണ് നാട്ടുകാര്‍ പമ്പ്ഹൗസ് പൂട്ടി ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."