മാതൃക പദ്ധതികള്‍ക്ക് സാക്ഷരതാ മിഷന്‍ അംഗീകാരം നല്‍കി
ആലപ്പുഴ : നൂതനവും മാതൃകാപരവുമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ജില്ലാ സാക്ഷരതാ സമിതി അംഗീകാരം നല്‍കി. നവ സാക്ഷരര്‍ക്കായി ലൈബ്രറി , ട്രാന്‍സ് ജന്‍ഡേഴ്‌സിന് സ്‌പെഷ്യല്‍ സ്‌കൂള്‍, രക്ഷിതാക്കള്‍ക്കായി വീടൊരുക്കം കാമ്പയിന്‍ തുടങ്ങിയവയാണ് സാക്ഷരതാ സമിതി അംഗീകാരം നല്‍കിയ പുതിയ പദ്ധതികള്‍.
നവ സാക്ഷരരും തുല്യതാ പഠിതാക്കളുമായവര്‍ക്ക് വായനയുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നതിനാണ് നവസാക്ഷരലൈബ്രറി ആരംഭിക്കുന്നത്. ജില്ലയിലെ ഒരു വികസന വിദ്യാകേന്ദ്രത്തില്‍ ലൈബ്രറി ആരംഭിക്കുവാനാണ് തീരുമാനം. ആയിരം പുതിയ പുസ്തകങ്ങള്‍ ഇതിനായി വാങ്ങും. കൂടാതെ നാട്ടുകാരില്‍ നിന്ന് പുസ്തക സമാഹരണവും നടത്തും. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലൈബ്രറി ആരംഭിക്കുന്നത്.
ഇടം' ടി.ജി. സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന പേരിലാണ് ട്രാന്‍സ്ജന്‍ഡേഴ്‌സിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. പത്താംതരം തുല്യതയ്ക്കായി ആരംഭിക്കുന്നതാണ് ഈ സ്‌കൂള്‍. തുല്യതാ പഠനത്തിന് പുറമെ തൊഴില്‍ പരിശീലന പരിപാടിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തും. ജില്ലയില്‍ ഒരു കേന്ദ്രമാണുണ്ടാവുക.തീരദേശ പഞ്ചായത്തുകളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി 'വീടൊരുക്കം'' എന്ന പേരില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. കുട്ടികള്‍ മിടുക്കരായി വളരാന്‍ വീടും രക്ഷകര്‍ത്താക്കളും എങ്ങനെ മാറണം എന്നതാണ് കാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നത്.
എസ്.എസ്.എ യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പത്താംതരത്തിന്റെയും ഹയര്‍ സെക്കണ്ടറിയുടെയും തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ഇതിന് ആനുപാതികമായി പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ പ്രേരക്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വായനാ വാരത്തോടനുബന്ധിച്ച് സെമിനാറും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ പ്രദര്‍ശനവും നടത്തും. ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് പരിപാടി. തുല്യതാ പഠിതാക്കള്‍ക്കായി കവിതാ രചനാ മത്സരവും സംഘടിപ്പിക്കും. പഞ്ചായത്ത്, നഗരസഭാ തലത്തിലെ എല്ലാ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങളിലും മുതിര്‍ന്നവരുടെ വായന മത്സരങ്ങളും സാഹിത്യ കൂട്ടായ്മയും നടത്തും.
ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.കെ.ടി.മാത്യു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.അശോകന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുമ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.നൗഷാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.സി.ചന്ദ്രഹാസന്‍ വടുതല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍ പിള്ള, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."