വാഹനങ്ങളില്‍നിന്നു പെട്രോള്‍ ഊറ്റുന്ന സംഘം കാമറയില്‍ കുടുങ്ങി
കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന രണ്ടംഗസംഘം സി.സി.ടിവി കാമറയില്‍ കുടുങ്ങി. റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ച കാമറയില്‍ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി റെയില്‍വെ പൊലിസ് അന്വേഷണം തുടങ്ങി.
റെയില്‍വെ സ്റ്റേഷനിലെത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ നിര്‍ത്തിയിടുന്ന ബൈക്കുകളിനിന്ന് പെട്രോള്‍ ഊറ്റുന്ന സംഭവങ്ങള്‍ സംബന്ധിച്ച പരാതികള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റെയില്‍വെ പൊലിസ് സ്റ്റേഷന് പരിസരത്തെ കാമറകള്‍ പരിശോധിച്ചത്.
കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പരിസരത്ത് പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും സ്ഥിരമായി പെട്രോള്‍ ഊറ്റിയെടുക്കുന്നത് പതിവായിരുന്നു. എന്നാല്‍ പലരും ഇതു സംബന്ധിച്ച് പരാതി പറയാത്തതിനാല്‍ പൊലിസ് ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വ്യാപകമായ പരാതികള്‍ വന്നതോടെയാണ് റെയില്‍വെ പൊലിസ് പ്രശ്നത്തില്‍ ഗൗരവത്തില്‍ ഇടപെടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൊലിസ് സ്റ്റേഷന് പരിസരത്തു സ്ഥാപിച്ച മൂന്നു കാമറകള്‍ പരിശോധിച്ചു. ഇതിലെ ഒരു കാമറയില്‍ നിന്നാണ് രണ്ടുപേര്‍ പെട്രോള്‍ ഊറ്റുന്ന ദൃശ്യം പൊലിസിന് ലഭിച്ചത്. പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കു സുരക്ഷ ഒരുക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."