ശബരിമല: കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജനങ്ങളിലേക്കെത്തിയില്ലെന്ന വിശദീകരണത്തോടെയാണ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കാന്‍ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരേ വിമര്‍ശനമുയര്‍ന്നു. കൊടി പിടിക്കാതെ വിശ്വാസികളുടെ സമരത്തിനൊപ്പം ചേരണമെന്ന ആഹ്വാനമാണ് നേരത്തെ കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ ബി.ജെ.പിയുടെ വേദിയില്‍ പ്രസംഗിക്കുകയും അണികള്‍ അവരുടെ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്‌തെന്നു യോഗം വിലയിരുത്തി.
സമരത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കിയെന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനുള്ള തീരുമാനം.
'വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക'എന്ന മുദ്യാവാക്യത്തോടെ മകരവിളക്കിന് മുന്‍പു പൂര്‍ത്തിയാകുന്നവിധത്തിലാണ് കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കുന്നത്. നവംബര്‍ 15നു പത്തനംതിട്ടയില്‍ സമരം അവസാനിപ്പിക്കും.
ഇതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ അവസാനിക്കുന്നതരത്തില്‍ നാലു കാല്‍നട പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും.
തിരുവനന്തപുരത്തുനിന്നു കെ. മുരളീധരനും ആലപ്പുഴയില്‍നിന്നു ഷാനിമോള്‍ ഉസ്മാനും തൃശൂരില്‍നിന്നു കൊടിക്കുന്നില്‍ സുരേഷും തൊടുപുഴയില്‍നിന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ജാഥകള്‍ നയിക്കുക. വടക്കന്‍ മേഖലകളിലെ ജില്ലകളില്‍നിന്നു കെ. സുധാകരന്റെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥയും നടത്തും. എല്ലാ ജാഥകളും 15നു പത്തനംതിട്ടയില്‍ സമാപിക്കുന്നതിനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യുമെന്നും രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനം വിശദീകരിച്ചു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
എന്‍.എസ്.എസ് നേതൃത്വത്തില്‍ ആരംഭിച്ച ശബരിമല സമരം ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പി ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
കൊടിപിടിച്ച സമരത്തെ പ്രോത്സാഹിപ്പിക്കില്ലെന്നു പന്തളം കൊട്ടാരത്തിനുതന്നെ പറയേണ്ടിവന്നത് ഈ സാഹചര്യത്തിലായിരുന്നു.
കൊടിയും വടിയുമായി ശബരിമല പ്രതിഷേധ സമരങ്ങളെ സ്വന്തമാക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."