വിദേശ നയം അടിയറ വയ്ക്കില്ല: ഖത്തര്‍
ദോഹ: അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കം തീര്‍ക്കുന്നതിന് ഖത്തര്‍ വിദേശ നയം മാറ്റില്ലെന്നും അക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രി.
ഇതേ രീതിയില്‍ ഞങ്ങള്‍ക്ക് എത്ര കാലം വേണമെങ്കിലും ജീവിക്കാനാവുമെന്ന് അയല്‍ രാജ്യങ്ങളുടെ ഉപരോധത്തെ തള്ളിക്കളഞ്ഞു കൊണ്ട് വിദേശ കാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്്ദുല്‍റഹ്്മാന്‍ ആല്‍ഥാനി ഇന്നലെ ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖത്തറിന്റെ ഭക്ഷ്യ ഇറക്കുമതിയില്‍ 16 ശതമാനം മാത്രമാണ് ഇപ്പോള്‍ അടയ്ക്കപ്പെട്ട സൗദി അതിര്‍ത്തി വഴി വരുന്നത്. അതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
ഭക്ഷ്യ വിതരണം ഉറപ്പു വരുത്തുന്നതിന് സഹായിക്കാന്‍ ഇറാന്‍ സന്നദ്ധമായിട്ടുണ്ട്. ഖത്തറിന് വേണ്ടി മൂന്ന് തുറമുഖങ്ങള്‍ വിട്ടുനല്‍കാമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വാഗ്ദാനം ഖത്തര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ശത്രു രാജ്യങ്ങളില്‍ നിന്നു പോലും ഈ രീതിയിലുള്ള വെറുപ്പ് ഖത്തര്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. ഖത്തറിന്റെ സൈനിക വിന്യാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കുകയോ സൈനികരെ ഏതെങ്കിലും ഭാഗത്തേക്ക് നീക്കുകയോ ചെയ്തിട്ടില്ലെന്നും വിദേശ കാര്യമന്ത്രി വ്യക്തമാക്കി. ഖത്തര്‍ സൈന്യം സൗദി അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കുന്നതായുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടി കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ സ്വതന്ത്ര വിദേശ നയം ഒരിക്കലും അടിയറ വയ്ക്കുകയുമില്ല''വിദേശ കാര്യമന്ത്രി ഖത്തറിന്റെ ഉറച്ച നിലപാട് വ്യക്തമാക്കി.
വിജയകരമായും പുരോഗനാത്മകമായും മുന്നോട്ടു പോവുന്നു എന്നതാണ് ഞങ്ങളെ ഒറ്റപ്പെടുത്താന്‍ കാരണം. ഞങ്ങളുടെ പ്രതലം സമാധാനത്തിന്റെതാണ്, ഭീകരതയുടേതല്ല. ഇപ്പോഴുള്ള തര്‍ക്കം മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറുമായി ബന്ധം വിഛേദിച്ച രാജ്യങ്ങള്‍ അവരുടെ ആവശ്യങ്ങളുടെ പട്ടിക ഇതുവരെ ഞങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ്. തര്‍ക്ക വിഷയങ്ങള്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ. സൈനിക ഇടപെടല്‍ പരിഹാരമല്ല.
വ്യാപാര രംഗത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് യുഎഇ എന്ന് വിദേശ കാര്യമന്ത്രി ആരോപിച്ചു. യുഎഇയിലെ ഊര്‍ജാവശ്യത്തിന്റെ 40 ശതമാനവും ഖത്തറിന്റെ പ്രകൃതി വാതകത്തെയാണ് ആശ്രയിക്കുന്നതെന്നും എന്നാല്‍, അവരുമായി ഒപ്പിട്ട എല്‍എന്‍ജി കരാര്‍ ഖത്തര്‍ മാനിക്കുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."