ജനിതകമാറ്റം വരുത്തിയ ആല്‍ബിനോ പല്ലികളെ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: ഉരഗങ്ങളില്‍ ജനിതകമാറ്റം വരുത്തി ഒരു ജോടി ആല്‍ബിനോ പല്ലികളെ വികസിപ്പിക്കുന്നതില്‍ യു.എസ് ശാസ്ത്രജ്ഞര്‍ വിജയിച്ചു. ജോര്‍ജിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ് ചൂണ്ടുവിരലിന്റെ വലുപ്പമുള്ള പല്ലികളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചത്.
ഇത് മനുഷ്യരിലെ ശരീരവും മുടിയും നന്നെ വെളുത്തും കണ്ണ് ചെമ്പിച്ചുമുള്ള അവസ്ഥ (ആല്‍ബിനിസം) മൂലമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ ശരിയായി മനസിലാക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
ക്രിസ്പ്ര് എന്നറിയപ്പെടുന്ന ജനിതകമാറ്റ സാങ്കേതികവിദ്യ സസ്യങ്ങളിലും ചുണ്ടെലികളിലും മനുഷ്യരിലും വിജയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഉരഗങ്ങളില്‍ ഇതു സാധിക്കുന്നത്. സെല്‍ പ്രസ് ജേണലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ആല്‍ബിനിസം ബാധിച്ച മനുഷ്യര്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിനു കാരണമാവുന്ന ജീന്‍ റെറ്റിനയുടെ വികാസത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാന്‍ ഈ പല്ലികള്‍ ഉപകരിക്കും. മനുഷ്യരുടെ കണ്ണില്‍ കാഴ്ചയ്ക്ക് അവശ്യം വേണ്ട ഒരു ഭാഗമാണ് ഫോവിയ.
പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന എലികളിലോ മറ്റു ജീവികളിലോ ഇതില്ല. എന്നാല്‍ ഈ പല്ലികളില്‍ ഫോവിയ ഉണ്ടായിരിക്കും. ഫോവിയയുടെ തകരാറുകള്‍ ഈ ജീവികളെ വച്ച് പഠിക്കാനാവും. പക്ഷികളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാവുമെങ്കിലും ഏറെ സങ്കീര്‍ണമായിരിക്കുമെന്ന് പഠനം നടത്തിയ ശാസ്ത്രകാരന്മാര്‍ പറയുന്നു.
വാട്‌സ് ആപ്പിലൂടെ വിമാനം ബുക്ക് ചെയ്യാം; 25 ഡോളറിന്
ഫ്‌ളോറിഡ: വാട്‌സ് ആപ്പിലൂടെ വിമാനം ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി യു.എസിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയര്‍ലൈന്‍സ്. യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പ് വഴി മെസ്സേജ് അയച്ച് സീറ്റ് റിസര്‍വ് ചെയ്യാനും സംശയദൂരീകരണം നടത്താനും സൗകര്യമുണ്ട്. 25 ഡോളറേ ഇതിനു ചെലവുള്ളൂ. സെപ്റ്റംബര്‍ ഒന്നു മുതലാണിത് നിലവില്‍ വരുക. എന്നാല്‍ ഇംഗ്ലീഷിലും സ്പാനിഷിലുമേ മെസ്സേജ് അയക്കാവൂ.
യാത്രക്കാരുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാണ് ഈ സേവനമെന്ന് കമ്പനി മാര്‍ക്കറ്റിങ് ആന്റ് സെയില്‍ വിഭാഗം വൈസ് പ്രസിഡന്റ് ബോബി സ്‌ക്രോട്ടര്‍ പറയുന്നു. യു.എസില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനക്കമ്പനികളിലൊന്നാണ് സ്പിരിറ്റ് എയര്‍ലൈന്‍സ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വിവിധ സൗകര്യങ്ങള്‍ അധികമായി ഒരുക്കുന്നതില്‍ മത്സരിക്കുകയാണ് യു.എസിലെ വിമാനക്കമ്പനികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."