കണ്ണീരോര്‍മയില്‍ കവളപ്പാറ; നനവുണങ്ങാത്ത മണ്ണില്‍ ഇനിയും പതിനൊന്നുപേര്‍
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: ഈവര്‍ഷത്തെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് മരിക്കുകയും കാണാതാവുകയും ചെയ്ത മലപ്പുറത്തെ കവളപ്പാറയില്‍ തെരച്ചിലിനൊടുവിലും നാടും കുടുംബവും തേടുന്നത് പതിനൊന്നുപേരെ. ഇവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ദുരന്തഭൂമിയിലെ നനവുള്ള മണ്ണില്‍ മരവിച്ച മനസ്സുമായി ഉറ്റവരും നാട്ടുകാരും ഇവരെ തേടുകയാണ്.
നാടിനെ നടുക്കിയ ദുരന്തത്തില്‍ മൂന്നാഴ്ചയോളം നീണ്ട തെരച്ചിലില്‍ കണ്ടെത്താത്ത പതിനൊന്നു പേര് പ്രദേശത്തെ ഏഴു വീടുകളിലുള്ളവരാണ്. നേരത്തെ മൃതദേഹങ്ങള്‍ കണ്ടെടുത്ത 48 പേരുടെ ഉറ്റവരും ബന്ധുക്കളുമൊക്കെ ഉള്‍പ്പെടുന്നവരാണ് കാണാമറയത്തുള്ളവര്‍. നൊമ്പരയോര്മകളായി രണ്ടു സഹോദരിമാരുണ്ട് കണ്ടുകിട്ടാതെ പോയവര്‍. വിജയലക്ഷ്മിയും സുനിതയും. അമ്മ, വല്യമ്മ, മൂന്നു സഹോദരങ്ങള്‍, സഹോദരന്റെ മകള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പടെ മറ്റൊരു കുടുംബത്തില്‍ ഗൃഹനാഥന്, മകന്, മകള്‍, മകളുടെ മകന് എന്നിവരുടെ മൃതദേഹങ്ങള്‍ തെരച്ചിലില്‍ കിട്ടി. മകളുടെ മറ്റു രണ്ടുമക്കളായ കാര്‍ത്തികും കമലും മകന്റെ പുത്രന് സുജിത്തിനെയുമാണ് ഇപ്പോഴും കണ്ടെത്താനുള്ളത്. ദുരന്തത്തില്‍ കണ്ടെടുക്കാനുള്ളവരിലെ മറ്റൊരാള്‍ പള്ളത്ത് ശ്യാംരാജാണ്. ഇവരുടെ വീട്ടില്‍ ശ്യാംരാജിന്റെ മുത്തച്ഛന്, അച്ഛന്, അമ്മ, സഹോദരി, അമ്മയുടെ സഹോദരി എന്നിവരാണ് അപകടത്തില്‍ മരിച്ചവര്‍. ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു.
ആറുപേര്‍ ദുരന്തത്തിനിരയായ മറ്റൊരു വീട്ടില്‍ ഗൃഹനാഥനായ ഇമ്പിപ്പാലവും മകന് സുബ്രഹ്മണ്യനെയുമാണ് കണ്ടെത്താനാവാത്തത്. വീട്ടമ്മയുടേയും മരുമകളുടേതും വീട്ടിലുണ്ടായിരുന്ന രണ്ടു ബന്ധുക്കളുടേതും മൃതദേഹങ്ങളാണ് കിട്ടിയത്. മറ്റൊരാള്‍ ജിഷ്ണ. ഇവരുടെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ സുഹൃത്ത്, പിതാവിന്റെ സഹോദരന്, ഭാര്യ, മകള്‍ എന്നിവരെ കണ്ടെത്തി. എട്ടുപേരായിരുന്നു അപകടത്തില്‍പെട്ടത്. കവളപ്പാറ കോളനിയിലെ വീട്ടില്‍ ചീരയും മകന് പെരകനും ദുരന്തത്തില്‍ പെട്ടവരാണ്. അമ്മയുടെ മൃതദേഹം ലഭിച്ചു, പെരകനെ കണ്ടെടുക്കാനായില്ല. ദുരന്തത്തില്‍ രക്ഷപ്പെട്ട അബ്ദുല്‍ കരീമിന്റെ വീട്ടില്‍ ഉരുള്‍പൊട്ടല്‍ സമയത്തുണ്ടായിരുന്ന സമീപവാസി ഒടുക്കന് കുട്ടിയാണ് മറ്റൊരാള്‍. താമസിച്ചിരുന്ന വീടോ, വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലമോ തിരിച്ചറിയാത്ത ദുരന്തഭൂമിയില്‍ സാഹസികമായ തെരച്ചിലില്‍ മൂന്നാഴ്ചയോടെയാണ് നിര്‍ത്തിയത്. ദുരന്തനിവാരണ സേനയും സന്നദ്ധപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും കണ്ണിലെണ്ണയൊഴിച്ചു നടത്തിയ പരിശോധനക്കു ചൊവ്വാഴ്ചയാണ് താല്‍ക്കാലിക വിരാമം കുറിച്ചത്. മനമില്ലാമനസോടെയാണ് തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനമെടുത്തതും.
ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ ഉഴുതുമറിഞ്ഞ മണ്ണ് ഒട്ടേറെ തവണ ആഴത്തില്‍ തെരഞ്ഞു. ഇനിയും കണ്ടെടുക്കാത്തവര്ക്ക്, അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."