ജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു: സുവര്‍ണ മുക്കം
കോഴിക്കോട്: ജില്ലയിലെ കായികമാമാങ്കത്തിനു കൊടിയിറങ്ങിയപ്പോള്‍ ഒന്‍പതാം തവണയും മുക്കം ഉപജില്ലയുടെ ആധിപത്യം. മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ രണ്ടുദിനങ്ങളിലായി നടന്ന മീറ്റില്‍ 36 സ്വര്‍ണവും 31 വെള്ളിയും 29 വെങ്കലവുമായി 323 പോയിന്റോടെയാണു മുക്കം ഉപജില്ല വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്.
15 സ്വര്‍ണവും 12 വെള്ളിയും മൂന്നു വെങ്കലവുമായി 124 പോയിന്റുമായി ബാലുശേരി ഉപജില്ല രണ്ടാമതും ഒന്‍പത് സ്വര്‍ണവും 13 വെള്ളിയും 15 വെങ്കലവും നേടി 98 പോയിന്റുമായി താമരശേരി ഉപജില്ല മൂന്നാം സ്ഥാനവും നേടി. ആറ് സ്വര്‍ണമടക്കം 26 മെഡലുമായി 84 പോയിന്റോടെ കൊയിലാണ്ടി ഉപജില്ല നാലാമതും നാലു സ്വര്‍ണമടക്കം 16 മെഡലുമായി 34 പോയിന്റോടെ പേരാമ്പ്ര ഉപജില്ല അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
നടന്നുകയറി
കട്ടിപ്പാറ
ദീര്‍ഘദൂരത്തില്‍ ഓടിക്കയറിയ കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അവസാനദിനമായ ഇന്നലെ ദീര്‍ഘദൂരത്തിലേക്ക് നടന്നുകയറി. സീനിയര്‍, ജൂനിയര്‍ നടത്ത മത്സരങ്ങളില്‍ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയുമായി കട്ടിപ്പാറയിലെ വിദ്യാര്‍ഥികള്‍ മിന്നും താരങ്ങളായി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡി.ജെ വൈശാഖ് സ്വര്‍ണം നേടിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിര ശ്രീധരന്‍ ഒന്നാം സ്ഥാനവും മിയാ റോസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.ജി കൃഷ്ണജിത്ത് വെള്ളിമെഡല്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കട്ടിപ്പാറ സ്‌കൂളിലെ നന്ദന ശിവദാസ് ഒന്നാം സ്ഥാനവും അമേയ ചന്ദ്രന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇത്തവണത്തെ സംസ്ഥാന കായികമേളയില്‍ 20 ഓളം വിദ്യാര്‍ഥികള്‍ കട്ടിപ്പാറ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
ഇവര്‍ വ്യക്തിഗത
ചാംപ്യന്‍മാര്‍
രണ്ടായിരത്തോളം മത്സരാര്‍ഥികള്‍ ട്രാക്കിലും ഫീല്‍ഡിലും മാറ്റുരച്ചപ്പോള്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി. ആദിത്യ കൃഷ്ണ, സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാരിക സുനില്‍കുമാര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഷ്ണുരാജന്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.പി സനിക, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിഘ്‌നേഷ് ആര്‍. നമ്പ്യാര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണാ റോയ് എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി.
ചാംപ്യന്‍ സ്‌കൂള്‍പട്ടം പുല്ലൂരാംപാറക്ക്
ഇത്തവണയും ചാംപ്യന്‍ സ്‌കൂള്‍പട്ടം പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസിന്. 27 സ്വര്‍ണം, 23 വെള്ളി, 20 വെങ്കലം എന്നിവ നേടി 217 പോയിന്റോടെയാണ് പുല്ലൂരാംപാറ വീണ്ടും ആധിപത്യം സ്ഥാപിച്ചത്. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ തിളങ്ങിയ പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കരുത്തിലാണു കിരീടം സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടിരുന്നെങ്കിലും 11 വീതം സ്വര്‍ണവും വെള്ളിയും 12 വെങ്കലവും നേടി കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് രണ്ടാമതെത്തി.
ഉഷ സ്‌കൂളിന്റെ മികവില്‍ ഇന്നലെ വരെ രണ്ടാം സ്ഥാനത്തു ലീഡ് ചെയ്ത പൂവമ്പായി എ.എം.എച്ച്.എസ്.എസിനെ വ്യക്തമായ ലീഡോടെ പിന്തള്ളിയാണ് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ് വീണ്ടും രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."