കൊങ്കണ്‍: സമാന്തരപാത സ്ഥാപിക്കാന്‍ നീക്കം
കാസര്‍കോട്: കൊങ്കണ്‍ റൂട്ടില്‍ മണ്ണിടിഞ്ഞ മംഗളൂരുവിനടുത്തെ കുലശേഖരം ഭാഗത്ത് സമാന്തര പാത പരിഗണനയിലെന്ന് റെയില്‍വേ. അതേസമയം, കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍ കാരണം മുടങ്ങിയ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. മണ്ണിടിഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും പാളത്തില്‍ വീണ മണ്ണും കല്ലും നീക്കി ഗതാഗത യോഗ്യമാക്കാന്‍ റെയില്‍വേക്ക് ഇതുവരെ സാധിച്ചിട്ടില്ല. മഴ കാരണം മണ്ണിടിച്ചില്‍ തുടരുന്നതും പാളം ചെളിയില്‍ പുതഞ്ഞു കിടക്കുന്നതും ഗതാഗതം പുനഃസ്ഥാപിക്കാന്‍ തടസം സൃഷ്ടിച്ചതോടെ ഈഭാഗത്ത് പുതിയ പാളം നിര്‍മിക്കാനുള്ള സാധ്യതകളാണ് റെയില്‍വേ ആരായുന്നത്.
പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിര്‍മിച്ച് ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതിന് ഇനിയും മൂന്നു ദിവസം വേണ്ടിവരും. മംഗളൂരു ജോക്കട്ടെപടീല്‍ സ്റ്റേഷനുകള്‍ക്കിടയിലെ കുലശേഖരയിലാണ് പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണ് കൊങ്കണ്‍ പാതയില്‍ ഗതാഗത സ്തംഭനമുണ്ടായത്. പാളം ഗതാഗതയോഗ്യമാക്കാന്‍ ചെന്നൈ ഐ.ഐ.ടിയില്‍നിന്നും മംഗളൂരു എന്‍.ഐ.ടി.കെയില്‍നിന്നുമുള്ള വിദഗ്ധരുടെ ഉപദേശം റെയില്‍വേ തേടിയിട്ടുണ്ട്. ചെളി രൂപത്തിലായ മണ്ണുമാറ്റി മാത്രമേ പുതിയ പാത നിര്‍മിക്കാനാകൂ. മഴ തുടര്‍ന്നാല്‍ പ്രസ്തുത പ്രവൃത്തിയും തടസപ്പെടും.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിന്‍
ഇന്നലെ യാത്ര തിരിക്കേണ്ട പുനെ - എറണാകുളം എക്‌സ്പ്രസ്(22150), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22655), എറണാകുളം-ഓഖ ദ്വൈവാര എക്‌സ്പ്രസ്(16338), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22633), എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്‌സ്പ്രസ്(12224), പുനെ-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22150), ഇന്ന് പുറപ്പെടേണ്ട കൊച്ചുവേളി-ബാവന്‍നഗര്‍ എക്‌സ്പ്രസ്(19259), നാളെ പുറപ്പെടേണ്ട എറണാകുളം-പുനെ ദ്വൈവാര എക്‌സ്പ്രസ്(22149), കൊച്ചുവേളി-ഇന്‍ഡോര്‍ എക്‌സ്പ്രസ് (19331), ശനിയാഴ്ച യാത്ര തിരിക്കുന്ന ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്(12284) എന്നിവ പൂര്‍ണമായും റദ്ദാക്കി.
വഴിതിരിച്ചുവിട്ടവ
ഇന്നലെ യാത്ര തിരിച്ച ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345), തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346), എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്(12617) എന്നിവ പാലക്കാടുവഴിയും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16311) ഷൊര്‍ണൂരില്‍ നിന്ന് വഴിതിരിച്ചു വിട്ട് പോത്തനൂര്‍, ഈറോഡ്, മേല്‍പ്പാക്കം, പുണെ, ലൊനാവാല വഴിയും ഓടും. എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) ഷൊര്‍ണൂരില്‍നിന്ന് വഴിതിരിച്ചുവിട്ട് പോത്തനൂര്‍, ഈറോഡ്, കാട്പാടി, ഗുണ്ടൂര്‍, നാഗ്പുര്‍, ഭോപാല്‍, ആഗ്ര വഴി യാത്ര നടത്തും. ഇന്നലെ രാവിലെ 9.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്‌സര്‍ എക്‌സ്പ്രസ്(12483) വൈകിട്ട് ഏഴിന് പുറപ്പെട്ട് ഷൊര്‍ണൂര്‍, ജോലാര്‍പേട്ട വഴിതിരിച്ചു വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."