ജില്ലാ കായികമേള: ചെളിക്കളമായ ട്രാക്കില്‍ വീണുരുണ്ട് വിദ്യാര്‍ഥികള്‍
ആനപ്പാറ: ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ പെയ്ത മഴ മത്സരങ്ങളുടെ മാറ്റ് കുറച്ചു. മഴയെത്തുടര്‍ന്ന് ചെളിക്കളമായ ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ പലതിലും വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.
1.45ഓടെ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന അറിയിപ്പ് ചങ്കിടിപ്പോടെയാണ് മത്സരാര്‍ഥികള്‍ ശ്രവിച്ചത്. എങ്ങിനെയെങ്കിലും മത്സരങ്ങള്‍ തീര്‍ക്കുക എന്ന മനോഭാവത്തോടെ കാല്‍പാദം പൂര്‍ണ്ണമായും താഴ്ന്ന് പോകുന്ന ചളിയിലേക്കാണ് കുട്ടികളെ മത്സരത്തിനയച്ചത്.
സീനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ മല്‍സരത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ നന്ദിത പി.എസ് സ്‌പൈക്കില്ലാതെ വിജയമണിഞ്ഞപ്പോള്‍ ആശ്വാസമായിരുന്നു എല്ലാവര്‍ക്കും. വീണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടല്ലോ എന്നോര്‍ത്ത്. കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ട്രാക്കില്‍ കഴിവുള്ളവര്‍ വീഴുകയും, ഭാഗ്യമുള്ളവര്‍ ജയിച്ച് കയറുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇന്നലെ ഉച്ചക്ക് ശേഷം കണ്ടത്.
മത്സരിക്കാന്‍ ഭയമാണെന്നായിരുന്നു മിക്ക കുട്ടികളും പറഞ്ഞത്. വീഴുമെന്ന പേടിയില്‍ എങ്ങിനെയാണ് ഓടുകയെന്നും ഇവര്‍ ചോദിക്കുന്നു. 200 മീറ്റര്‍ ട്രാക്കില്‍ 30 മീറ്റര്‍ ദൂരം ചളിയാണ്. ഈ ചെളിയിലൂടെ ഓടിവേണം കുട്ടികള്‍ വിജയതീരമണിയാന്‍. അതിനിടെ ചെളിയില്‍ കാല്‍ വഴുതി വീണാല്‍ പ്രതീക്ഷിച്ച വിജയം മാത്രമല്ല പരുക്കുപറ്റിയേക്കാമെന്ന ഭീതിയാണ് കുട്ടികള്‍ തന്നെ പങ്കുവെച്ചത്.
കായികമേള മീനങ്ങാടി സ്‌കൂളിന്റെ കുടുംബകാര്യം
ആനപ്പാറ: ഓരോ സ്‌കൂളിലെയും പരിശീലകരും, അധ്യാപകരും, ഏതാനും സ്‌കൂള്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് അവരവരുടെ സ്‌കൂളിലെ കായിക താരങ്ങള്‍ക്ക് ആവേശമാകുമ്പോള്‍ തങ്ങളുടെ സ്‌കൂളിലെ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവുമായെത്തിയത് സ്‌കൂളിലെ പി.ടി.എ കമ്മിറ്റി ഒന്നടങ്കം.
മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.ടി.എ കമ്മിറ്റി ഭാരവാഹികളാണ് തങ്ങളുടെ നാളെയുടെ താരങ്ങള്‍ക്ക് പ്രചോദനമേകാന്‍ ആനപ്പാറ സ്‌കൂള്‍ ഗ്രൗണ്ടിലെത്തിയത്.
എതിരാളിയുടെ മുന്‍പിലെത്താനുള്ള തങ്ങളുടെ ആവേശം പി.ടി.എയും ഏറ്റെടുത്തതോടെ ട്രാക്കില്‍ കുതിക്കാന്‍ താരങ്ങളും മത്സരിച്ചു. ഉച്ചഭക്ഷണത്തിന് മുന്‍പ് വരെ ട്രാക്കിലും, ഫീല്‍ഡിലും കുതിച്ച മീനങ്ങാടിയുടെ പ്രതീക്ഷകള്‍ മഴ പെയ്ത് ചളിയായ ട്രാക്കില്‍ പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ല.
കുതിപ്പ് തുടര്‍ന്ന കാട്ടിക്കുളം 125 പോയന്റുമായി ഒന്നാമതെത്തിയപ്പോള്‍ 89 പോയിന്റാണ് മീനങ്ങാടിക്ക് നേടാന്‍ കഴിഞ്ഞത്. നാളെ നടക്കുന്ന മല്‍സരങ്ങളില്‍ തങ്ങളുടെ കുട്ടികള്‍ മികവു പുലര്‍ത്തി വിജയം തിരിച്ച് പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പി.ടി.എ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."