നിളയുടെ തീരത്ത് ഗാന്ധിജിയുടെ 150ാം ജന്മവാര്ഷികത്തിന് വിപുലമായ പരിപാടികള്‍
തിരുന്നാവായ: മഹാത്മജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത നിളയുടെ തീരത്ത് ഗാന്ധിജിയുടെ 150-ാം ജന്മവാര്ഷികത്തിന് വിപുലമായ പരിപാടികള്‍ നടത്താന്‍ ഗാന്ധി കസ്തൂര്‍ബ 150-ാം ജന്മവര്‍ഷ ആഘോഷസമിതി കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
തിരുവനന്തപുരത്തു നിന്ന് പ്രയാണമാരംഭിച്ച സര്‍വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു നയിക്കുന്ന സംസ്ഥാന തല ഗാന്ധി സന്ദേശയാത്രക്ക് 31ന് തിരുന്നാവായ ഉള്‍പ്പെടെ ജില്ലയില്‍ ആറു കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ ജന്മവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് കണ്‍വന്‍ഷന്‍ രൂപം നല്‍കി. യുവജന ക്യാംപ്, വനിതാ സമ്മേളനം, ഗാന്ധി വര, ക്വിസ്, ഗാന്ധി ഫെസ്റ്റ്, ഫിലിം പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയെ തിരസ്‌ക്കരിക്കാനുള്ള ഗൂഢനീക്കം ഭരണകൂടം രാജ്യവ്യാപകമായി നടത്തുമ്പോള്‍ ഗാന്ധിജിയില്‍നിന്ന് മുന്നോട്ട് രാജ്യത്തെ നയിക്കാനും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ നിലനില്‍പിനും മതേതര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ടി.കെ അലവിക്കുട്ടി മുഖ്യ രക്ഷാധികാരിയും സി.കെ ഉമ്മര്‍ ഗുരുക്കള്‍ ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിച്ചു.
തിരുന്നാവായ സത്രം ഹാളില്‍ നടന്ന ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ഗോഡ് ലിഫ് ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി ജില്ലാ ചെയര്‍മാന്‍ മുളക്കല്‍ മുഹമ്മദലി അധ്യക്ഷനായി.
ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ നായര്‍, ആഘോഷസമിതി ജില്ലാ ജന. കണ്‍വീനര്‍ ഫിറോസ്ഖാന്‍ അണ്ണക്കമ്പാട്, ടി.കെ അലവിക്കുട്ടി, സി.കെ ഉമ്മര്‍ ഗുരുക്കള്‍, ജില്ലാ ഭാരവാഹികായ പി. കോയക്കുട്ടി, പ്രണവം പ്രസാദ്, സുരേന്ദ്രന്‍ വെട്ടത്തൂര്‍, കെ.ടി മുസ്തഫ, നാസര്‍ കൊട്ടാരത്ത്, ജനാര്‍ദ്ദനന്‍ മമ്പിളിയത്ത്, കെ. സാഹിര്‍, ടി. ജമാലുദ്ദീന്‍, ഉമ്മര്‍ ചിറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."