ട്രംപ് കള്ളം പ്രചരിപ്പിച്ചു: ജെയിംസ് കോമി
ട്രംപ്-റഷ്യാ ബന്ധം: മുന്‍ എഫ്.ബി.ഐ ഡയരക്ടര്‍ സെനറ്റ് ഇന്റലിജന്‍സിനു മുന്‍പാകെ ഹാജരായി
വാഷിങ്ടണ്‍: വൈറ്റ് ഹൗസും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തനിക്കെതിരേ കള്ളം പ്രചരിപ്പിച്ചുവെന്ന് മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമി. ട്രംപ്-റഷ്യാ ബന്ധം അന്വേഷിക്കുന്ന യു.എസ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്‍പാകെയാണ് കോമി യു.എസ് ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ചത്. തനിക്കെതിരേ പ്രചരിപ്പിച്ചത് ശുദ്ധ കള്ളമായിരുന്നെന്നും തന്നെയും എഫ്.ബി.ഐയെയും വൈറ്റ് ഹൗസ് അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നും കോമി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യു.എസ് സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്‍പാകെ പ്രത്യേക തെളിവെടുപ്പിന് ഹാജരായതായിരുന്നു ജെയിംസ് കോമി. നേരത്തെ തന്റെ നിലപാടുകള്‍ വ്യക്തമാക്കി അന്വേഷണ ഏജന്‍സിക്ക് കോമി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പിന്നീട് സമിതി പുറത്തുവിടുകയായിരുന്നു. വൈറ്റ് ഹൗസ് ഉന്നയിച്ച പല ആരോപണങ്ങളെയും ശക്തമായി ചോദ്യം ചെയ്യുന്നതായിരുന്നു കോമിയുടെ റിപ്പോര്‍ട്ട്.
തന്നെ പുറത്താക്കാന്‍ നിയമപരമായ കാരണങ്ങളൊന്നുമില്ലാതിരുന്നപ്പോള്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ട്രംപ് ഭരണകൂടം. ഇതിനുവേണ്ടി തന്നെയും എഫ്.ബി.ഐ എന്ന സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് തയാറായെന്നും കോമി ആക്ഷേപിച്ചു.
എഫ്.ബി.ഐയുടെ വിശ്വാസ്യത കളഞ്ഞുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസമാണ് ജെയിംസ് കോമിയെ ട്രംപ് സ്ഥാനത്തുനിന്ന് നീക്കിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു എഫ്.ബി.ഐ മേധാവിയെ കാലാവധിക്കു മുന്‍പ് നീക്കുന്നത് രണ്ടാം തവണയാണ്. ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് കോമി അന്വേഷണം ആരംഭിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അന്വേഷണത്തില്‍ നിന്ന് പിന്മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോമി കൂട്ടാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."