വിമാനത്താവളം: നാലുവരി പാതാ സര്‍വേ അന്തിമഘട്ടത്തില്‍
ഉരുവച്ചാല്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുത്തിയ മാനന്തവാടി, ബോയ്‌സ് ടൗണ്‍, കേളകം, പേരാവൂര്‍, മാലൂര്‍, ശിവപുരം മട്ടന്നൂര്‍ റോഡിന്റെ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു.
റോഡിന്റെ അലൈന്‍മെന്റ് ഫിക്‌സ് ചെയ്യാനുള്ള സര്‍വെയാണ് നടന്നുവരുന്നത്. ഡി.ജി.പി.എസ് സര്‍വേ പൂര്‍ത്തിയാക്കി കഴിഞ്ഞു. ടോപ്പോ ഗ്രാഫിക് സര്‍വേ യാണ് ഇപ്പോള്‍ നടന്നുവരുന്നത്. കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സിയാണ് കരാര്‍ ഏറ്റെടുത്ത് സര്‍വേ നടത്തുന്നത്.
നാലുവരി പാതയാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടക്കുന്നത്. 63.50 കിലോമീറ്ററാണ് മാനന്തവാടി മുതല്‍ മട്ടന്നൂര്‍ വിമാനത്താവളം വരെ റോഡിന്റെ നീളം. സര്‍വേ പൂര്‍ത്തിയായാല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
റോഡിന്റെ അലൈന്‍മെന്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മറ്റു നടപടികളിലേക്കു നീങ്ങും. ജനങ്ങളെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ വീടുകളും കെട്ടിടങ്ങളും പരമാവധി സംരക്ഷിച്ചേ പുതിയ പാത ഉണ്ടാക്കൂ.
പേരാവൂര്‍, കേളകം ടൗണുകള്‍ നിലനിര്‍ത്തി ജനവാസം കുറഞ്ഞ വഴിയിലൂടെ ഇവിടങ്ങളില്‍ റോഡ് വഴി മാറ്റവും പരിഗണനയിലുണ്ട്.
അലൈന്‍മെന്റ് അംഗീകരിച്ചാല്‍ വീണ്ടും സര്‍വേ നടത്തും. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലമെടുപ്പ് പ്രവൃത്തി നടക്കുക.
നാലുവരി പാതയ്ക്ക് 24 മീറ്ററാണ് വേണ്ടതെങ്കിലും ഇപ്പോള്‍ നിലവിലുള്ള റോഡിന്റെ മധ്യഭാഗത്ത് നിന്നു 15 മീറ്റര്‍ ദൂരം ഇരുഭാഗത്തേക്കും എടുത്താണ് സര്‍വേ നടത്തിയത്.
ഒരു റോഡ് മൂന്ന് മീറ്റര്‍ വീതിയില്‍ ടാറിങ് ചെയ്യും. നാല് റോഡും കൂടി 12 മീറ്റര്‍ വീതിയില്‍ ടാറിങ് നടക്കും.
റോഡിന്റെ നടുക്ക് ഡിവൈഡര്‍ ഉണ്ടാകും. കലുങ്കുകള്‍, ഓവുചാലുകള്‍ എന്നിവ നിര്‍മിക്കും. റോഡിനിരുവശവും വൈദ്യുത തൂണുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കും. നാലുവരിപാത വരുന്നതിനു മുന്‍പായി നിലവിലുള്ള പേരാവൂര്‍-മാലൂര്‍-മട്ടന്നൂര്‍ റോഡ് മെക്കാഡം ടാറിങ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."