വിമാനത്താവളത്തിനു സമീപത്തെ ഫ്‌ളാറ്റില്‍ അനധികൃത ആഢംഭര ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഫ്‌ളാറ്റ് സമുച്ചയത്തില്‍ അനധികൃത പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കാലടിയിലേക്കുള്ള റോഡില്‍ നായത്തോട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ആഢംബര ഹോട്ടലിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അറ്റ്‌ലസ് സെലസ്റ്റിയല്‍ പാര്‍ക്ക് എന്ന പേരില്‍ ഫ്‌ളാറ്റ് എന്ന നിലയിലാണ് ഈ കെട്ടിട സമുച്ചയം നിര്‍മിച്ചത്. ഇതിലെ ബഹുഭൂരിഭാഗം ഫ്‌ളാറ്റുകളും പ്രവാസികള്‍ അടക്കമുള്ളവര്‍ വാങ്ങുകയും ചെയ്തു.
ഇതില്‍ ചില പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ വാടകക്കെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമായ ഹോട്ടലിന്റെ പ്രവര്‍ത്തനം. ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയുടെ നല്ലൊരു ഭാഗവും ഹോട്ടലിന്റെ ഓഫിസാക്കി മാറ്റി. പൊതുവായി എല്ലാവര്‍ക്കും ഉപയോഗിക്കാനായി മാറ്റിയിട്ടിരുന്ന ഭാഗം ലോബിയായും മാറ്റിയതായി ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ പരാതിപ്പെടുന്നു.
പൊതു നീന്തല്‍ കുളം ഹോട്ടലിന്റെ മാത്രം ആവശ്യത്തിനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മറ്റ് താമസക്കാരെ ഇവിടേയ്ക്ക് പ്രവേശിപ്പിക്കുന്നില്ല. വിമാനത്താവളത്തിന് സമീപം എന്ന നിലയില്‍ ഉയര്‍ന്ന വിലയില്‍ ഫ്‌ളാറ്റുകള്‍ വിറ്റഴിച്ച ശേഷം ഇപ്പോള്‍ നിലവിലുള്ളവരെ തുരത്തി കുറഞ്ഞ വിലയ്ക്ക് ബിനാമികളെ ഉപയോഗിച്ച് തിരികെ സ്വന്തമാക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്നാണ് പലരുടെയും പരാതി.
ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനായി ഓരോ ഉടമകളില്‍ നിന്നും 50000 രൂപ വീതം വാങ്ങിയ ശേഷം ഹൈടെന്‍ഷന്‍ കണക്ഷന്‍ എടുത്തു വീതിച്ചുനല്‍കുകയാണ് അറ്റ്‌ലസ് ചെയ്തതതെന്ന് താമസക്കാര്‍ പറയുന്നു. ഈ കണക്ഷന്‍ യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയപോലെ വിഛേദിച്ചു നിലവിലുള്ള താമസക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി.
അങ്കമാലി മുനിസിപ്പല്‍ അതിര്‍ത്തിയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.ഫ്‌ളാറ്റ് എന്ന നിലയില്‍ അനുമതി നേടിയിട്ടുള്ള കെട്ടിടത്തില്‍ ആഢംബര ഹോട്ടല്‍ പ്രവര്‍ത്തിച്ചിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."