ഹാജിമാര്‍ക്ക് നെടുമ്പാശേരിയില്‍ ഊഷ്മള വരവേല്‍പ്പ്
നെടുമ്പാശേരി: ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍നിന്ന് യാത്ര തിരിച്ചിരുന്ന ഹാജിമാരുടെ ആദ്യസംഘം മടങ്ങിയെത്തി. നെടുമ്പാശേരി എംബാര്‍ക്കേഷന്‍ പോയിന്റില്‍നിന്ന് യാത്രയായിരുന്ന 2,749 പേരില്‍ 680 പേരാണ് എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി ഇന്നലെ മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ഹാജിമാര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ വരേവല്‍പ്പ് നല്‍കി. ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളിലായി എത്തിച്ചേരും. ആദ്യ വിമാനം ഇന്നലെ രാവിലെ 10.05 നും രണ്ടാമത്തെ വിമാനം വൈകിട്ട് 4.48 നുമാണ് നെടുമ്പാശേരിയിലെത്തിയത്.
340 പേര്‍ വീതമാണ് ഓരോ വിമാനത്തിലും ഉണ്ടായിരുന്നത്. ആദ്യ വിമാനത്തിലെ 326 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരായിരുന്നു. പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്ത ശേഷം തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് എത്തിയതെന്ന് മടങ്ങിയെത്തിയ ഹാജിമാര്‍ പറഞ്ഞു. സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഹജ്ജ് കര്‍മങ്ങള്‍ക്കിടയിലും ഏറെ വേദനിപ്പിച്ചുവെന്നും നാടിനും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനകളിലായിരുന്നു തങ്ങളെന്നും ഇവര്‍ പറഞ്ഞു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വീപിലെ ഹാജിമാര്‍ക്ക് എറണാകുളത്ത് വിവിധ ഹോട്ടലുകളിലായി താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെയാണ് ഇവര്‍ നാട്ടിലേക്ക് പുറപ്പെടുന്നത്.
ആദ്യ വിമാനത്തിലെത്തിയ ഹാജിമാരെ അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്, മുന്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മദനി, മുന്‍ ചെയര്‍മാന്‍ ഹംസക്കോയ ഫൈസി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസമ്മില്‍ ഹാജി, അനസ് ഹാജി, ഹജ്ജ് സെല്‍ ഓഫിസര്‍ ഡിവൈ.എസ്.പി എസ്.നജീബ്, സിയാല്‍ എക്‌സി.ഡയരക്ടര്‍ എ.എം ഷെബീര്‍, ജന. മാനേജര്‍ ദിനേശ് കുമാര്‍, ഹജ്ജ് ക്യാംപ് സ്‌പെഷല്‍ ഓഫിസര്‍ എന്‍.പി ഷാജഹാന്‍, അസി.സെക്രട്ടറി ടി.കെ അബ്ദുല്‍ റഹ്മാന്‍, ലക്ഷദ്വീപ് എക്‌സി.ഓഫിസര്‍ പി. കോയ, സി.എം അഷ്‌കര്‍, എം.എം നസീര്‍, ജസില്‍ തോട്ടത്തിക്കുളം, ഹൈദ്രോസ് ഹാജി, വാഴക്കുളം മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് എം.കെ ഹംസ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്നാണ് ഹാജിമാര്‍ നെടുമ്പാശേരിയില്‍ എത്തിയത്. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം 11.30 ഓടെയാണ് ആദ്യവിമാനത്തിലെത്തിയ ഹാജിമാര്‍ ടെര്‍മിനലിന് പുറത്തേക്കെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹാജിമാര്‍ ശേഖരിച്ച തുക അന്‍വര്‍ സാദത്ത് എം.എല്‍.എയ്ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."