തരിഗാമിയെ യെച്ചൂരി കണ്ടു; എത്തിയത് കോടതി ഉത്തരവുമായി പൊലിസ് അകമ്പടിയോടെ
ശ്രീനഗര്‍: മൂന്നാഴ്ചയിലേറെയായി ജമ്മുകശ്മിരില് വീട്ടുതടങ്കലില്‍ കഴിയുന്ന മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ശ്രീനഗറിലെ ഗുപ്കര്‍ റോഡില്‍ സിവില്ലൈനിലുള്ള തരിഗാമിയുടെ വീട്ടിലെത്തിയ യെച്ചൂരി മൂന്നുമണിക്കൂറോളമാണ് അവിടെ ചെലവഴിച്ചത്. കനത്ത പൊലിസ് സന്നാഹവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തരിഗാമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീനഗറില്‍ തന്നെ തങ്ങിയ യെച്ചൂരി ഇന്ന് മടങ്ങും. ഡല്‍ഹിയിലേക്ക് മടങ്ങും മുന്‍പ് ഒരിക്കല്‍കൂടി അദ്ദേഹം തരിഗാമിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടാഴ്ച മുന്‍പ് യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ഇടതുനേതാക്കള്‍ തരിഗാമിയെ കാണാന്‍ എത്തിയിരുന്നുവെങ്കിലും ശ്രീനഗര്‍ വിമാനത്താവളത്തില്‍ വച്ച് അവരെ തടയുകയും ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് തരിഗാമിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരി സുപ്രിംകോടതിയില്‍ ഹരജി നല്കി. ഈ ഹരജി പരിഗണിച്ചാണ് തരിഗാമിയെ കാണാന്‍ ബുധനാഴ്ച സുപ്രിംകോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്.
ഇതേതുടര്‍ന്ന് സുപ്രിംകോടതി ഉത്തരവുമായാണ് യെച്ചൂരി ശ്രീനഗറിലെത്തിയത്. സന്ദര്‍ശനത്തിന് യാതൊരു രാഷ്ട്രീയനിറവും ഉണ്ടാവരുതെന്ന് കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ വളരെ ശ്രദ്ധയോടെയായിരുന്നു യെച്ചൂരിയുടെ സഞ്ചാരം. സംസ്ഥാനത്തെ മറ്റു നേതാക്കളെ കാണാനോ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാനോ യെച്ചൂരി മുതിര്‍ന്നില്ല. നേരത്തെ തരിഗാമിയെ സന്ദര്‍ശിച്ച ശേഷം അനാരോഗ്യം അലട്ടുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി യെച്ചൂരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം തന്നെ യെച്ചൂരി തയാറാക്കും. അടുത്തയാഴ്ചയാവും സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."