മഞ്ചേരിയിലും പരിസരങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു; ഒരുമാസത്തിനിടെ നടന്നത് 16 വാഹനാപകടങ്ങള്‍
മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞു
മഞ്ചേരി: മഞ്ചേരിയിലും പരിസരങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രമായി 16 അപകടങ്ങളാണ് നടന്നത്. ഇതില്‍ മഞ്ചേരി തുറക്കല്‍, വള്ളുവമ്പ്രം, പാണായി എന്നിവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ മൂന്നുപേരുടെ ജീവന്‍ പൊലിഞ്ഞതായാണ് കണക്കുകള്‍.
പട്ടര്‍ക്കുളം, തുറക്കല്‍, ചെരണി, നറുകര, കാരാപറമ്പ്, ആലുക്കല്‍, മരിയാട്, പയ്യനാട്, തരിക്കുളം, നറുകര, ആനക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരുമാസം 13 മേജര്‍ വാഹനാപകടങ്ങള്‍ നടന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരവും വാഹനങ്ങളുടെ മത്സരയോട്ടവുമാണ് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നതെന്നാണ് വിലയിരുത്തുന്നത്. മഞ്ചേരിയിലെ ഗതാഗതപരിഷ്‌കാരം ശാസ്ത്രീയമാക്കാന്‍ കാലങ്ങളായുള്ള ശ്രമങ്ങള്‍ നാളിതുവരെയായി ഫലംകണ്ടിട്ടില്ല. മഞ്ചേരി, മലപ്പുറം, നിലമ്പൂര്‍, കരുവാരകുണ്ട്, കോഴിക്കോട് ഉള്‍പ്പെടെ മിക്ക റൂട്ടുകളിലും രാവിലെ മുതല്‍ ബസുകളുടെ മത്സരയോട്ടമാണ്. മത്സരയോട്ടം നിയന്ത്രിക്കാന്‍ പൊലിസ് ഭാഗത്തുനിന്നും കാര്യമായ നീക്കങ്ങള്‍ ഉണ്ടാവുന്നില്ല.
യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തുന്ന ഈ മത്സരയോട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമങ്ങളുണ്ടായാല്‍ അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ചുവപ്പു ലൈറ്റ് തെളിയും മുന്‍പ് സിഗ്‌നല്‍ വിട്ടു കടക്കാന്‍ ഡ്രൈര്‍മാര്‍ കാണിക്കുന്ന ധൃതിയും കൂടുതല്‍ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗതയും ഇതിനിടെയുള്ള അഭ്യാസ പ്രകടനങ്ങളും അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് വൈകുന്നേരങ്ങളിലാണ് .
നോമ്പുതുറ സമയത്ത് ഇരുചക്രവാഹനങ്ങളുടെ അമിതവേഗതയിലുള്ള ഓട്ടം പലപ്പോഴും ഭീതിപ്പെടുത്തുന്നതാണ്. മഞ്ചേരിയിലെ എല്ലാ റോഡുകളിലേയും സീബ്രാ ലൈനുകള്‍ മാഞ്ഞുപോയതും പ്രധാന പ്രശ്‌നമാണ്. ഇതു പുനസ്ഥാപിക്കുന്നതിനു നാളിതുവരെയായി നടപടികളുണ്ടാവുന്നില്ല.
സീബ്രാ ലൈനുകള്‍ ഉള്ളയിടങ്ങളില്‍ വാഹനങ്ങള്‍ കാല്‍നടക്കാരെ ശ്രദ്ധിക്കാതെ ചീറിപാഞ്ഞുപോകുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട് . കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ചേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മഞ്ചേരി സ്വദേശിയായ യുവാവ് അപകടത്തില്‍പെട്ട് ദാരുണമായി മരണപ്പെട്ടത് ഞെട്ടലുളവാക്കുന്നതായിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും മഞ്ചേരി നഗരത്തിലെ ഗതാഗത രീതി ശാസ്ത്രീയമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നല്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."