കാട്ടാക്കടയുടെ ഹൃദയധമനിയായ കുളത്തുമ്മല്‍ തോട് കാണാന്‍ കലക്ടറെത്തി
കാട്ടാക്കട: കാട്ടാക്കടയുടെ ഹൃദയധമനിയാണ് കുളത്തുമ്മല്‍ തോട്. തോട് കാണാനും തോടിന്റെ അവസ്ഥ മനസിലാക്കാനും കലക്ടറെത്തി. പിന്നാലെ ജനപ്രതിനിനിധികളും നാട്ടുകാരും. മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ തോട് നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിദ്യാര്‍ഥികളും. കുളത്തുമ്മല്‍തോട് കാട്ടാക്കടയിലെ ജലസോത്രസായിരുന്നു. കാട്ടാക്കട പഞ്ചായത്ത് പ്രദേശത്ത് കൂടെ സമൃദ്ധമായി ഒഴുകിയിരുന്ന തോട് അമ്പലത്തിന്‍കാല ഏലാ, അഞ്ചുതെങ്ങുംമൂട് ഏലാ, മംഗലയ്ക്കല്‍ ഏലാ, ആമച്ചല്‍ ഏലാ എന്നിവിടങ്ങളിലെ നെല്‍കൃഷിക്ക് വെള്ളം ലഭ്യമാക്കിയിരുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന ഒന്നായിരുന്നു.
ഇന്ന് പലയിടങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെ ഭാഗമായും അനധികൃത കൈയ്യേറ്റങ്ങളുടെ ഭാഗമായും അശാസ്ത്രീയ നിര്‍മാണങ്ങളുടെ ഭാഗമായും ഒഴുക്ക് തടസപ്പെട്ട് നശിച്ചിരിക്കുകയാണ്. കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കാട്ടാക്കട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളത്തുമ്മല്‍ തോടിനെ മാലിന്യമുക്തമാക്കി തോടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
ഇതിന്റെ ഭാഗമായാണ് കുളത്തുമ്മല്‍തോട് നവീകരണത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കെ. വാസുകിയുടെ നേതൃത്വത്തില്‍ ഇന്നലെ നീര്‍ത്തട സംരക്ഷണ യാത്ര നടന്നത്.
തോടിന്റെ നിലവിലെ സ്ഥിതി നേരിട്ട് കണ്ടു മനസിലാക്കുന്നതിനായി കലക്ടര്‍, പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എസ്.പി.സി കേഡറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ കുളത്തുമ്മല്‍ തോടിന്റെ ഉത്ഭവസ്ഥാനത്തുള്ള മൈലാടി കുളത്തില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച യാത്ര 10 കിലോമീറ്റര്‍ പിന്നിട്ട് കാട്ടാക്കട പഞ്ചായത്തിന്റെ അതിര്‍ത്തിയായ തൊട്ടരുവിയില്‍ സമാപിച്ചു. നീര്‍ത്തട സംരക്ഷണ യാത്രയെ അഞ്ചുതെങ്ങിന്‍മൂട്, കഞ്ചിയൂര്‍ക്കോണം, ചാരുപാറ, കൊമ്പാടിക്കല്‍, പാറച്ചല്‍, കാലക്കോട്, അമ്പലത്തിന്‍കാല, പൊന്നറകോണം എന്നിവിടങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
യാത്രയിലുടനീളം തോട്ടിലേയ്ക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തോടിലേയ്ക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് അവസാനിപ്പിക്കുന്നതിന് ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പഞ്ചായത്ത് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."