മണിയൂര്‍ കനിവ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ
വടകര: ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രയാസങ്ങളാല്‍ കിടക്കയിലും വീല്‍ ചെയറിലും ജീവിതം തള്ളിനീക്കേണ്ടി വന്നവരെ മുഖ്യധാരയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മണിയൂര്‍ പഞ്ചായത്തിലെ കുറുന്തോടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കനിവ് റിഹാബിലിറ്റേഷന്‍ സെന്റര്‍ നാളെ വൈകിട്ട് ആറിന് നാടിനു സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുപ്പതോളം ലക്ഷം രൂപ ചെലവഴിച്ചാണ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിച്ചത്.
സെന്ററിനു കീഴില്‍ സൗജന്യ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള ഹെല്‍ത്ത് കെയര്‍, അനാഥ വിദ്യാഭ്യാസ സഹായം, വളണ്ടിയര്‍ ഗ്രൂപ്പ് എന്നിവ പ്രവര്‍ത്തിക്കും. ആരോഗ്യം, കായികം, വിദ്യാഭ്യാസം, ആതുരസേവനം, പ്രഥമ ശുശ്രൂഷ, ദുരന്ത നിവാരണം തുടങ്ങിയ മേഖലയില്‍ വിദഗ്ധരുടെ പരിശീലനമാണ് വളണ്ടിയര്‍ ഗ്രൂപ്പിലൂടെ ലക്ഷ്യമിടുന്നത്. തികച്ചും സൗജന്യമായാണ് സെന്റര്‍ പരിചരണം ലഭ്യമാക്കുന്നത്.
സെന്റര്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഫിസിയോ തെറാപ്പി സെന്റര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും സ്പീച്ച് തെറാപ്പി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും ഹെല്‍ത്ത് കെയര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും ഷുഗര്‍, പ്രഷര്‍ ഫ്രീ ക്ലിനിക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭയും ഉദ്ഘാടനം ചെയ്യും. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.എം അബൂബക്കര്‍, പി.ടി.കെ മുഹമ്മദലി, കാരാളത്ത് പോക്കര്‍ ഹാജി, കെ. റസാഖ്, ടി.എം.കെ നംഷിദ്, സവാദ് കുറുന്തോടി, കെ.ടി അഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."