നദാല്‍- വാവ്‌റിങ്ക ഫ്രഞ്ച് ഓപണ്‍ ഫൈനല്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് ഫൈനലില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഏറ്റുമുട്ടും. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറയെ വീഴ്ത്തിയാണ് വാവ്‌റിങ്ക കലാശപ്പോരിനെത്തുന്നത്. ദ്യോക്കോവിചിനെ അട്ടിമറിച്ചെത്തിയ ഡൊമിനിക്ക് തീമിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ മുന്നേറ്റം.
വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട തീമിനെ അനായാസം വീഴ്ത്തിയാണ് നദാലിന്റെ മുന്നേറ്റം. പത്താം ഫ്രഞ്ച് ഓപണ്‍ കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നുത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 6-4, 6-0 എന്ന സ്‌കോറിനാണ് നദാലിന്റെ വിജയം.
ലോക മൂന്നാം നമ്പര്‍ താരവും 32 വയസുകാരനുമായ വാവ്‌റിങ്ക ഫ്രഞ്ച് ഓപണ്‍ ഫൈനലിലെത്തുന്ന പ്രായം കൂടിയ താരങ്ങളിലൊരാളായി മാറി. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെറ്ററന്‍ താരം റോളണ്ട് ഗാരോസിന്റെ കളിമണ്‍ പ്രതലത്തില്‍ കലാശപ്പോരിനിറങ്ങുന്നത്. 1973ല്‍ ക്രൊയേഷ്യന്‍ താരമായിരുന്ന നികോള പിലിചാണ് അവസാനമായി ഫൈനല്‍ കളിച്ച പ്രായമുള്ള താരം.
നാല് മണിക്കൂറും 34 മിനുട്ടും നീണ്ട മാരത്തണ്‍ പോരാട്ടം കണ്ട സെമിയില്‍ അഞ്ച് സെറ്റുകളില്‍ മൂന്നെണ്ണം സ്വന്തമാക്കിയാണ് വാവ്‌റിങ്ക വിജയവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്. ആദ്യ സെറ്റും നാലാം സെറ്റും ടൈബ്രേക്കറിലാണ് ഫലം നിര്‍ണയിക്കപ്പെട്ടത്. 2-2 എന്ന നിലയില്‍ നിര്‍ണായകമായ അഞ്ചാം സെറ്റിനിറങ്ങിയ വാവ്‌റിങ്ക അവസാന സെറ്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ നിലം തൊടാനനുവദിക്കാതെ ഒരു പോയിന്റ് മാത്രം വിട്ടുകൊടുത്താണ് മത്സരം പിടിച്ചെടുത്തത്. 6-7 (6-8), 6-3, 5-7, 7-6 (7-3), 6-1.
കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലാണ് വാവ്‌റിങ്ക എത്തിയത്. നേരത്തെ 2015ല്‍ നൊവാക് ദ്യോക്കോവിചിനെ വീഴ്ത്തി ഫ്രഞ്ച് ഓപണ്‍ നേടാന്‍ സ്വിസ് താരത്തിന് സാധിച്ചിരുന്നു. മൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ചപ്പോഴെല്ലാം കിരീടം നേടിയിട്ടുള്ള വാവ്‌റിങ്ക നാലാം ഫൈനലില്‍ രണ്ടാം ഫ്രഞ്ച് ഓപണ്‍ കിരീടം നദാലിനെ വീഴ്ത്തി നേടുമോയെന്ന് കണ്ടറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."