കുല്‍ഭൂഷന്‍ ജാദവുമായി ഇന്ത്യന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തി
ഇസ്‌ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികന്‍ കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം. ഇസ്‌ലാമാബാദിലെ സബ്ജയിലില്‍ കഴിയുന്ന ജാദവുമായി ഇന്ത്യന്‍ പ്രതിനിധി ഗൗരവ് ആലുവാലിയ ഇന്നലെ കൂടിക്കാഴ്ച നടത്തി. ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്റെ നടപടി പുനപ്പരിശോധിക്കണമെന്നും കോണ്‍സുലര്‍ സഹായം നല്‍കണമെന്നുള്ള അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് നടപടി. വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുമായി കൂടിക്കാഴ്ച നടത്താന്‍ പാകിസ്താന്‍ അനുമതി നല്‍കുന്നത്. ചാര പ്രവര്‍ത്തനം, തീവ്രവാദം എന്നീ കേസുകളില്‍ അറസ്റ്റിലായ ജാദവിന് 2017ല്‍ ആണ് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്.
ജാദവും ഇന്ത്യന്‍ പ്രതിനിധിയും തമ്മിലുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നെന്ന് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലുമായും ഇന്ത്യന്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്താന്‍ ജാദവിന് അനുമതി നല്‍കുമെന്ന് ഓഗസ്റ്റ് ഒന്നിന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്നിനായിരുന്നു നേരത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയതന്ത്ര സഹായവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.
കശ്മിരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായ സാഹചര്യത്തിലാണ് ജാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാകിസ്താന്‍ അനുമതി നല്‍കുന്നത്. കശ്മിരിലെ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ അജയ് ബിസാരിയെ പാകിസ്താന്‍ ഓഗസ്റ്റ് ഏഴിന് പുറത്താക്കിയിരുന്നു.
ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്ന് ജൂലൈ 17ന് അന്താരാഷ്ട്ര കോടതി പാകിസ്താനോട് ആവശ്യപ്പെട്ടത്. ചാര വൃത്തി ആരോപിച്ച് 2016 മാര്‍ച്ച് മൂന്ന് ആണ് കുല്‍ഭൂഷന്‍ ജാദവിനെ ബലൂചിസ്ഥാനില്‍വച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. ഇറാനില്‍ നിന്ന് കടന്നതാണെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. എന്നാല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ വ്യാപാര ആവശ്യാര്‍ഥം ഇറാനിലെത്തിയപ്പോള്‍ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. 2017 ഡിസംബറില്‍ കുല്‍ഭൂഷന്‍ ജാദവിന് ഭാര്യയെയും മാതാവിനെയും കാണാന്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ജാദവിനുമേല്‍ പാകിസ്താന്റെ
കടുത്ത സമ്മര്‍ദമുണ്ടായി: ഇന്ത്യ
ഇസ്‌ലാമാബാദ്: ചാരക്കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ തങ്ങള്‍ക്ക് അനുകൂലമായ മൊഴി നല്‍കാന്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമുണ്ടായെന്ന് ഇന്ത്യ. ജാദവിന്റെ സ്ഥിതി സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പാകിസ്താന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന വിധത്തില്‍ മൊഴിനല്‍കാന്‍ ജാദവിന് മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായെന്നു വ്യക്തമാണ്.
വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാവും തുടര്‍നടപടികളെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ അറിയിച്ചു. ജാദവിന് പാകിസ്താന്‍ കോണ്‍സുലാര്‍ സഹായം നല്‍കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷനര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രസ്താവന. ജാദവിനെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതിന് രാജ്യം എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."