ട്രാഫിക്ക് പരിഷ്‌ക്കരണം ഫലപ്രദമല്ല; നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം
നീലേശ്വരം: ട്രാഫിക്ക് പരിഷ്‌കരണം നടപ്പാക്കിയതോടെ നീലേശ്വരം നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി തുടങ്ങി. പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതോടെയാണ് ട്രാഫിക്ക് പരിഷ്‌കരണം നടപ്പാക്കിയത്. ബസ് സ്റ്റാന്‍ഡില്‍ കയറാതെ മാര്‍ക്കറ്റ് റോഡില്‍നിന്നു വരുന്ന ബസുകള്‍ മെയിന്‍ ബസാര്‍ തളിയില്‍ ക്ഷേത്രം വഴി വന്നു കെ.സി.കെ രാജ വളവില്‍ക്കൂടി തിരിഞ്ഞു വന്ന് ഫെഡറല്‍ ബാങ്ക് പരിസരത്താണ് ഇപ്പോള്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.
കിഴക്കന്‍ ഭാഗത്തേക്കു പോകേണ്ട ബസുകള്‍ ബസ് സ്റ്റാന്‍ഡിന്റെ കിഴക്ക് ഭാഗത്തുനിന്നു യാത്രക്കാരെ കയറ്റുകയാണ് ചെയ്യുന്നത്.
മെയിന്‍ ബസാര്‍ തളിയില്‍ ക്ഷേത്രം റോഡ് തീരെ വീതി കുറഞ്ഞതിനാല്‍ ഇതുവഴി എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അതുപോലെ കെ.സി.കെ രാജാവളവിലും ഗതാഗതകുരുക്ക് രൂക്ഷമാണ്.
ഫെഡറല്‍ ബാങ്കിനു മുന്‍വശം ഇപ്പോള്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ മണിക്കൂറുകളോളം വെയില്‍ കൊണ്ടുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഇവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ താല്‍ക്കാലിക വെയിറ്റിങ് ഷെഡ് പണിയണമെന്ന് യാത്രക്കാര്‍ പറഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പണിയുന്നത് വരെ യാത്രക്കാര്‍ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണിപ്പോഴുള്ളത്.
ഇപ്പോഴുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെ.സി.കെ രാജാ വളവിലുള്ള സ്ഥലം താല്‍ക്കാലികമായി നഗരസഭ ഏറ്റെടുക്കുകയാണെങ്കില്‍ ഒരു പരിധി വരെ രാജാ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കഴിയും.
ഈ റോഡിലെ ഓട്ടോറിക്ഷ പാര്‍ക്കിങ് സംവിധാനത്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്നത്.
പൊലിസുകാര്‍ ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്ക് ഇപ്പോള്‍ നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."