നാലു ദിവസം കസ്റ്റഡിയിലിട്ടു മര്‍ദിച്ചു, 21 ദിവസം ജയില്‍വാസവും; യുവാവിനെ മോഷണക്കേസില്‍ കുടുക്കിയ പൊലിസുകാര്‍ക്ക് രണ്ടു വര്‍ഷത്തിനിപ്പുറം സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കിയ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുന്‍ സി.ഐയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിലെ അംഗവുമായ ജി. അജിത് കുമാര്‍, വെള്ളറട സ്റ്റേഷനിലെ മുന്‍ എസ്.ഐയും ഇന്ന് കൊല്ലം പുത്തൂരില്‍ സി.ഐയുമായ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
തിരുവനന്തപുരം സ്വദേശി റെജിനെയാണ് തെളിവുകള്‍ കെട്ടിച്ചമച്ച് കേസില്‍പ്പെടുത്തിയത്. 2017 ഒക്ടോബറില്‍ വെള്ളടയിലെ രണ്ടു കടകളില്‍ നടന്ന മോഷണത്തെ തുടര്‍ന്നായിരുന്നു സംഭവം. നാലു ദിവസം പൊലിസ് കസ്റ്റഡിയില്‍ വച്ച് മര്‍ദിക്കുകയും പിന്നീട് കോടതിയില്‍ ഹാജരാക്കി 21 ദിവസം ജയിലിലാവുകയും ചെയ്തു.
പിന്നീട് റെജിന്‍ പരാതി നല്‍കിയതോടെ സംഭവം വാര്‍ത്തയാവുകയും സെപ്ഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയും ചെയ്തു. ഇതിലാണ് പൊലിസ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ്ത. ഇതോടെ കേസില്‍ വിചാരണ റദ്ദാക്കാനും പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.
ഉദയകുമാര്‍ കസ്റ്റഡി കൊലയുടെ വിധിവന്ന ദിനമാണ് റെജിന്‍ സംഭവം പുറംലോകത്തെത്തിക്കാനായത്. മോഷ്ടാവിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യത്തില്‍ കണ്ട രണ്ടുപേരില്‍ ഒരാള്‍ക്ക് റെജിന്റെ മുഖസാദൃശ്യമുണ്ടെന്നതാണ് റെജിനെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് പറഞ്ഞ കാരണം.
ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്ന റെജിന് മര്‍ദനമേറ്റതോടെ രോഗം മൂര്‍ച്ഛിച്ചു. തന്റെ കഷ്ടപ്പാടിനിടയിലും നിരപരാധിത്വം തെളിയിക്കാന്‍ ഓടിനടക്കുകയായിരുന്നു റെജിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."