ഐ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
ചെന്നൈ: ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനാണ് കിക്കോഫ്. ഇന്ത്യന്‍ ആരോസും ചെന്നൈ സിറ്റിയും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. ആദ്യ സീസണില്‍ അത്ര മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും രണ്ടാം സീസണില്‍ മികച്ച ടീമുമായിട്ടാണ് ഇന്ത്യന്‍ ആരോസ് എത്തിയിട്ടുള്ളത്. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു ഇന്ത്യന്‍ ആരോസ് രൂപീകരിച്ച് . പോര്‍ച്ചുഗീസ് പരിശീലകനായിരുന്ന ഡി മറ്റോസിന്റെ കീഴില്‍ ആരോസ് ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ആദ്യ സീസണ്‍ അവസാനിച്ചപ്പോള്‍ ഡി മറ്റോസ് ചുമതലയില്‍ നിന്ന് ഒഴിയുകയായിരുന്നു. പകരം നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 20 ടീമിനെ പരിശീലിപ്പിക്കുന്ന ഫ്‌ളോയിഡ് പിന്റോയാണ് ഇന്ത്യന്‍ ആരോസിനെ പരിശീലിപ്പിക്കുന്നത്.
ആദ്യ സീസണില്‍ ആരോസിന്റെ വലകാത്തിരുന്ന ധീരജ് സിങ് നിലവില്‍ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കീപ്പറാണ്. ഗോവയില്‍ നടന്നിരുന്ന ആരോസിന്റെ ഹോം മത്സരങ്ങള്‍ ഇനി മുതല്‍ ഒഡിഷയിലായിരിക്കും നടക്കുക. പുതിയ സീസണില്‍ ഇന്ത്യന്‍ ആരോസിനെ ഒഡിഷ സ്‌പോണ്‍സര്‍ ചെയ്യാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഗോവയില്‍നിന്ന് ഹോം മത്സരങ്ങള്‍ ഒഡിഷയിലേക്ക് മാറ്റുന്നത്. അഞ്ചു കോടി രൂപക്കാണ് ആരോസിനെ ഒഡിഷ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആരോസിന്റെ അണ്ടര്‍ 15 ടീമിന്റെ പരീശീലനവും മറ്റും ഗോവയില്‍നിന്ന് ഉടന്‍ ഒഡിഷയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
ഐ ലീഗിലെ കേരളത്തില്‍ നിന്നുള്ള ഏക ക്ലബായ ഗോകുലം എഫ്.സി രണ്ടാം സീസണിലെ ആദ്യ മത്സരത്തിനായി നാളെ ഇറങ്ങും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ബഗാനെയാണ് ഗോകുലം നേരിടുന്നത്. ആദ്യ സീസണില്‍ അല്‍പം വൈകിയാണെങ്കിലും ഗോകുലത്തിന് മികച്ച നേട്ടമുണ്ടാക്കാനായി. ബിനോ ജോര്‍ജിന്റെ കീഴിലായിരുന്നു ആദ്യ സീസണില്‍ ടീം ഇറങ്ങിയത്. തുടര്‍ന്ന് സൂപ്പര്‍ കപ്പിനായി വിദേശത്തുനിന്ന് പുതിയ പരിശീലകനെ എത്തിച്ചെങ്കിലും രണ്ടാം സീസണുമുമ്പ് വിദേശ കോച്ചിനെ പുറത്താക്കി. വീണ്ടും ബിനോ ജോര്‍ജിന് തന്നെ ചുമതല നല്‍കുകയായിരുന്നു.
സഹപരീശീലകനായി കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത സതീവന്‍ ബാലനെയും ഗോകുലം നിയമിച്ചിട്ടുണ്ട്. കൂടുതല്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്ന യുവനിരയാണ് ഗോകുലത്തിനുള്ളത്. യുവനിരയെ ഒരുക്കുന്നതില്‍ വിദഗ്ധനായ സതീവന്റെ വരവ് ഗോകുലത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. ആദ്യ സീസണിനു ശേഷം പുതിയ പത്തു താരങ്ങളെയാണ് ഗോകുലം ടീമിലെത്തിച്ചിട്ടുള്ളത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചിരുന്ന അന്റോണിയോ ജര്‍മനും ഇതില്‍ ഉള്‍പ്പെടും. ആദ്യ സീസണില്‍ ഗോകുലത്തിന്റെ മത്സരങ്ങളില്‍ കൂടുതലും ഉച്ചക്ക് രണ്ടിനായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ എല്ലാ മത്സരവും അഞ്ച് മണിക്കാണ്. ഉച്ചക്ക് മത്സരം നടത്തിയതു കാരണം ജനപങ്കാളിത്തം തീരെ കുറവായിരുന്നു. കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് മത്സരസമയം മാറ്റി വൈകിട്ട് അഞ്ചിനാക്കിയിട്ടുള്ളത്. റിയല്‍ കശ്മിര്‍ ക്ലബാണ് ഈ സീസണില്‍ പുതിയതായി ടൂര്‍ണമെന്റിനെത്തിയിട്ടുള്ളത്. രണ്ടാം ഡിവിഷനില്‍നിന്ന് ചാംപ്യന്മാരായിട്ടാണ് റിയല്‍ കശ്മിര്‍ എത്തുന്നത്. എന്നാല്‍ ജമ്മുകശ്മിരില്‍ നിരോധനാജ്ഞ കാരണം റിയല്‍ കശ്മിരിന്റെ ഹോം മത്സരങ്ങളുടെ കാര്യത്തില്‍ ആശങ്കയിലാണിപ്പോള്‍ അധികൃതര്‍. 31ന് മിനര്‍വയുമായിട്ടാണ് റിയല്‍ കശ്മീരിന്റെ ആദ്യ മത്സരം.
ഒരു പക്ഷെ കശ്മീരിലെ സ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ റിയല്‍ കശ്മിരിന്റെ ഹോം മത്സരങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് നടത്താനും തീരുമാനമുണ്ട്. അതേസമയം, അടുത്ത സീസണില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും ഐ.എസ്.എല്ലില്‍ എത്തിയേക്കുമെന്ന വാര്‍ത്തയുമുണ്ട്. ഒരു പക്ഷെ ഇരു ടീമുകളുടെയും അവസാനത്തെ ഐ ലീഗായിരിക്കും ഇത്തവണത്തേത്. പക്ഷെ അധികൃതര്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈസ്റ്റ് ബംഗാളും മോഹന്‍ബഗാനും ഐ ലീഗില്‍ നിന്ന് ഐ എസ്.എല്ലിലേക്ക് മാറിയാല്‍ ഐ ലീഗ് ടൂര്‍ണമെന്റ് നാമമാത്രമായി മാറുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. എന്തായാലും സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."