പ്ലസ്‌വണ്‍: അഡീഷണല്‍ അലോട്ട്‌മെന്റ്, കോമ്പിനേഷന്‍ മാറ്റ ഫലങ്ങള്‍ നാളെ പ്രസിദ്ധീകരിക്കും
മലപ്പുറം: പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിനും സപ്ലിമെന്ററി അലോട്ട്‌മെന്റിനും ശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള കോമ്പിനേഷന്‍ മാറ്റ ഫലവും അഡീഷണല്‍ അലോട്ട്‌മെന്റ് ഫലവും നാളെ പ്രസിദ്ധീകരിക്കും. നേരത്തെ അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളെ മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിച്ചാണ് അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിക്കുക. രണ്ടാം സപ്ലിമെന്‍ഡറി അലോട്ട്‌മെന്റിനു ശേഷം ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 640 മെറിറ്റു സീറ്റുകളാണ് ഒഴിവുള്ളത്. മെറിറ്റു ക്വാട്ടയിലോ സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒഴിവുള്ള ജില്ലാ, ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനായി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ ഫലമാണ് ആദ്യം തയാറാക്കിയിരിക്കുന്നത്. കോമ്പിനേഷന്‍ മാറ്റം അനുവദിച്ച ശേഷം ബാക്കിവരുന്ന സീറ്റുകളിലേക്കുള്ള അഡീഷണല്‍ അലോട്ട്‌മെന്റ് ഫലവും നാളെ കോമ്പിനേഷന്‍ മാറ്റത്തിന്റെ ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ നിന്നു 10666 വിദ്യാര്‍ഥികളാണ് അപേക്ഷകരായത്. ഇതില്‍ 1760 വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് അലോട്ട്‌മെന്റ് ലഭിച്ചത്. രണ്ടാം സപ്ലിമെന്ററിയില്‍ അലോട്ടമെന്റ് ലഭിച്ചിട്ടും അതത് സ്‌കൂളുകളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ അഡീഷണല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അതേ സമയം സ്‌കൂള്‍ തലത്തില്‍ മാനേജ്‌മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ നടന്ന പ്ലസ് വണ്‍ പ്രവേശന വിവരങ്ങള്‍ കേന്ദ്രീകൃത അഡ്മിഷന്‍ രജിസ്റ്ററില്‍ അഞ്ചിനു വൈകീട്ട് അഞ്ചിനകം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."