പരപ്പനങ്ങാടിയില്‍ വീണ്ടും അക്രമം; സ്കൂട്ടര്‍ കത്തിച്ചു
തീരദേശം കേന്ദ്രീകരിച്ച് ആസൂത്രിത കലാപം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്
പരപ്പനങ്ങാടി: സദ്ദാം ബീച്ച് കെ.ടി നഗറില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്കൂട്ടര്‍ കത്തിച്ചാമ്പലാക്കി. കൂരിയില്‍ വിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി മുനിസിപ്പല്‍ സെക്രട്ടറി കുരൂളില് ഷൈജുവിന്റെ സ്കൂട്ടറാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ശബ്ദം കേട്ടുണര്‍ന്ന ഷൈജുവും കുടുംബവും മുറ്റത്തെ ടാര്പ്പോളിന് ഷീറ്റിന് താഴെ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ കത്തിയമരുന്നതാണ് കണ്ടത്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ചാപ്പപ്പടിയിലെ ലീഗ് പ്രവര്ത്തകന് പി.കെ ഹുസൈന്റെ ബുള്ളറ്റ് ബൈക്കും ആവിയില്‍ ബീച്ചിലെ സി.പി.എം പ്രവര്ത്തകന് കുന്നുമ്മല്‍ ജാഫറിന്റെ ടാക്സി ഓട്ടോറിക്ഷയും സമാന രീതിയില്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു. അന്ന് തന്നെ യൂത്ത് ലീഗ് സെക്രട്ടറി പള്ളിക്കണ്ടി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കാണാതായിരുന്നു. തീരദേശം കേന്ദ്രീകരിച്ച് ആസൂത്രിത കലാപം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമ സംഭവങ്ങളില്‍ പൊലിസ് നിഷ്പക്ഷ നിലപാട് സ്വീകരിച്ച് അക്രമം വിതക്കുന്നവരെ അറസ്റ്റു ചെയ്യാത്തതാണ് പ്രദേശത്ത് സമാധാനാന്തരീക്ഷം വഷളാകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."